തിരുവനന്തപുരം: ലൈംഗീകാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം തേടിയിട്ടുളള രാഹുലിന്റെ അറസ്റ്റിലേക്ക് പോലീസ് ഇനി കടക്കുമോ എന്നാണ് അറിയേണ്ടത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും, സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിക്കുന്നു. ബലാത്സംഗം ചെയ്യുകയോ, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.
രാഹുലും പരാതിക്കാരിയും തമ്മില്‍ നല്ല ബന്ധത്തില്‍ ഇരിക്കെയുള്ള സംഭാഷണങ്ങള്‍, വാട്സ് ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ യുവതി റെക്കോര്‍ഡ് ചെയ്തു പുറത്തു വിടുകയായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. അതിനിടെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്.പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകള്‍ പരിഹരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും.
Rahul’s anticipatory bail plea to be considered on Wednesday: Ambiguity continues over arrest













