തിരുവനന്തപുരം : തിരുമല സ്വദേശിയായ ആർ.എസ്.എസ്. പ്രവർത്തകൻ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് മരിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിനു തൊട്ടുമുമ്പ് എഴുതിയ കുറിപ്പിൽ ആർ.എസ്.എസ്.- ബി.ജെ.പി. നേതാക്കളെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
താൻ 16 വയസ്സ് മുതൽ ആർ.എസ്.എസ്. പ്രവർത്തകനാണെന്നും കോഴിക്കോട് പ്രചാരകനായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആനന്ദ് കുറിപ്പിൽ പറയുന്നു. എന്നാൽ, തൃക്കണ്ണാപുരം വാർഡിൽ മണ്ണ് മാഫിയയുമായി ബന്ധമുള്ള വ്യക്തിയെ ബി.ജെ.പി. സ്ഥാനാർഥിയാക്കിയതിൽ ഇദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെറുപ്പം മുതൽ സംഘടനയ്ക്കായി പ്രവർത്തിച്ചിട്ടും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ തനിക്ക് വളരെയധികം മനോവിഷമമുണ്ടെന്നും ആനന്ദ് തമ്പി സുഹൃത്തുക്കൾക്കയച്ച സന്ദേശങ്ങളിൽ സൂചിപ്പിച്ചിരുന്നു.
തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതോടെ ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരിൽ നിന്ന് തനിക്ക് കടുത്ത മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നതായി ആനന്ദ് പറയുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അകന്നുപോവുകയും കുടുംബം പിന്തുണയ്ക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. “എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർ.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർ.എസ്.എസ്. പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ജീവനൊടുക്കാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതും” എന്നും കുറിപ്പിൽ പറയുന്നു. തന്റെ മൃതദേഹം എവിടെ അടക്കം ചെയ്താലും ഒറ്റ ആർ.എസ്.എസുകാരനെയോ ബി.ജെ.പി.ക്കാരനെയോ കാണാൻ അനുവദിക്കരുതെന്നും ആനന്ദ് അഭ്യർഥിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.)












