വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം
അവസാനിപ്പിക്കാനുള്ള സമാധാന നിർദ്ദേശം യുക്രൈൻ നിരസിച്ചാൽ അമേരിക്ക സഹായം നിർത്തലാക്കുമോ എന്ന ചോദ്യത്തിന് ജനീവയിൽ വെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉത്തരം നൽകാൻ വിസമ്മതിച്ചത് ആശങ്കയാകുന്നു. റൂബിയോ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്, യുക്രൈനിന്റെ ഏറ്റവും വലിയ പേടിസ്വപ്നം യാഥാർത്ഥ്യമായേക്കാം എന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
യുദ്ധം അവസാനിപ്പിക്കാനായി യുഎസ് തയ്യാറാക്കിയ 28 ഇന സമാധാന പദ്ധതി ചർച്ച ചെയ്യാൻ യുക്രൈൻ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജനീവയിൽ ഉന്നതതല ചർച്ചകൾ നടത്തുന്നുണ്ട്. കീവ് ഈ പദ്ധതി തള്ളിക്കളഞ്ഞാൽ യുഎസ് പിന്തുണ നഷ്ടപ്പെടുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുമ്പോഴാണ് റൂബിയോയുടെ പ്രതികരിക്കാൻ വിസമ്മതിച്ചത്.
യുഎസ് പദ്ധതിയിലെ വ്യവസ്ഥകൾ രാജ്യത്തിന്റെ കീഴടങ്ങലിന് തുല്യമാണെന്നും, യുക്രൈനിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി നിലപാടെടുത്തതായി റിപ്പോർട്ടുകളുണ്ട്. ട്രംപ് ഭരണകൂടത്തിൽ നിന്ന് യുക്രൈൻ കടുത്ത സമ്മർദ്ദം നേരിടുന്നതായും, ട്രംപ് യുക്രൈനിനെ ‘നന്ദികെട്ടവർ’ എന്ന് ആവർത്തിച്ച് ആരോപിക്കുന്നതായും സൂചനയുണ്ട്. ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ എന്നിവരോടൊപ്പം റൂബിയോയും ചർച്ചകളിൽ പങ്കെടുത്തേക്കാം. അതേസമയം, ഈ പദ്ധതി റഷ്യക്ക് അമിതമായി അനുകൂലമാണെന്നും, ഇത് ട്രംപിൻ്റെ റഷ്യൻ അജണ്ട മാത്രമാണെന്നും ചില യുഎസ് സെനറ്റർമാർ ആരോപിക്കുന്നുണ്ട്.













