വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ കേസിലെ സർക്കാർ ഫയലുകൾ പരസ്യപ്പെടുത്താൻ നീതിന്യായ വകുപ്പിനെ നിർബന്ധിക്കുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കി. ജനപ്രതിനിധി സഭ നേരത്തെ അംഗീകരിച്ച ഈ ബിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി ഔദ്യോഗികമായി അയച്ചു. ചൊവ്വാഴ്ച ജനപ്രതിനിധി സഭയിൽ നിന്ന് ലഭിച്ച ഉടൻ തന്നെ, സെനറ്റ് ഏകകണ്ഠമായി ഈ ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.
ബിൽ ട്രംപിന് കൈമാറുമെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും ഈ നീക്കത്തെ തടയാൻ ശക്തമായി ശ്രമിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച കോൺഗ്രസിന്റെ ഇരു സഭകളിലും അതിവേഗമാണ് ബിൽ പാസായത്.
എപ്‌സ്റ്റീൻ കേസിലെ വിവരങ്ങൾ പുറത്തുവിടണമെന്നും സുതാര്യത വേണമെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ സമ്മർദ്ദം ശക്തമായതോടെയാണ്, ബില്ലിനെ പിന്തുണയ്ക്കാൻ പ്രസിഡന്റ് തൻ്റെ പാർട്ടിയെ അനുവദിച്ചത്.










