വാഷിങ്ടൺ ഡി.സി.: ഭാര്യ ഉഷയുടെ മതം സംബന്ധിച്ച് താൻ നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഉയർന്നുവന്ന വിമർശനങ്ങളിൽ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ക്ഷുഭിതനായി പ്രതികരിച്ചു. തന്റെ ഭാര്യ ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും നിലവിൽ മതം മാറാൻ അവർക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിമർശനങ്ങൾ ‘അറപ്പുളവാക്കുന്നത്’ എന്ന് വിശേഷിപ്പിച്ച വാൻസ്, ഒരു പൊതുരംഗത്തുള്ള വ്യക്തി എന്ന നിലയിൽ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ താൻ ഒരുക്കമല്ലെന്ന് ‘എക്‌സി’ലൂടെ അറിയിച്ചു.
തന്റെ ഇന്ത്യൻ വംശജയായ, ഹിന്ദു മതത്തിൽ വളർന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് വാൻസ് നേരത്തെ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബുധനാഴ്ച മിസിസിപ്പിയിൽ നടന്ന ‘ടേണിങ് പോയിന്റ് യു.എസ്.എ.’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഇപ്പോൾ മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയിൽ വരാറുണ്ട്. ഞാൻ ക്രിസ്തീയ സുവിശേഷത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാര്യയും ഒരു ദിവസം അതേ രീതിയിൽ വിശ്വാസിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” തങ്ങളുടെ മക്കളെ ക്രിസ്ത്യൻ മതവിശ്വാസികളായാണ് വളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശനങ്ങൾക്ക് മറുപടിയായി ‘എക്‌സി’ൽ വന്ന ഒരു പോസ്റ്റിന് നൽകിയ വിശദീകരണത്തിൽ, തന്റെ നിലപാട് വാൻസ് മൂന്ന് കാര്യങ്ങളിലായി ഉറപ്പിച്ചുപറഞ്ഞു.
ചോദ്യം ഒഴിവാക്കില്ല: തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം, തന്നെ വിമർശിക്കുന്നതായി തോന്നുന്ന ഒരാളിൽ നിന്നായിരുന്നു. ഒരു പൊതു വ്യക്തി എന്ന നിലയിൽ താൻ ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ല.
വിശ്വാസം വ്യക്തിപരം: ഉഷ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ അവൾക്ക് പദ്ധതികളുമില്ല. എങ്കിലും ഒരു മിശ്രവിവാഹ ബന്ധത്തിലുള്ള പലരെയും പോലെ, അവൾ ഒരു ദിവസം കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിലേക്ക് തിരികെ വരാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ഭാര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവൾ തന്റെ ഭാര്യയായതുകൊണ്ട് തന്നെ തുടർന്നും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വാൻസ് വ്യക്തമാക്കി.
മതഭ്രാന്ത്: ഇത്തരം വിമർശനങ്ങൾ ‘ക്രൈസ്തവ വിരുദ്ധ മതഭ്രാന്ത്’ ആണ്. തങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നത് തികച്ചും സാധാരണമായ കാര്യമാണ്.













