കര്‍ണാടകയിലെ മുഖ്യമന്ത്രിമാറ്റ തര്‍ക്കത്തിനിടെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു: തങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ലെന്ന് ഇരുവരും

കര്‍ണാടകയിലെ മുഖ്യമന്ത്രിമാറ്റ തര്‍ക്കത്തിനിടെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു: തങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ലെന്ന് ഇരുവരും

ബാംഗളൂര്‍: മുഖ്യമന്ത്രി പദവി കൈമാറ്റം സംബന്ധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ പ്രഭാത ഭക്ഷണം കഴിച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച നടന്നത്.

2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും തങ്ങള്‍ക്കിടയില്‍ ഭിന്നതകളില്ല എന്നും ഭാവിയില്‍ ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 2028-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കിടയില്‍ ഭിന്നതകളില്ല, ഭാവിയിലും ഉണ്ടാകില്ല,’ മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു. നേതൃമാറ്റത്തെക്കുറിച്ചുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം താന്‍ അനുസരിക്കുമെന്നും സിദ്ധരാമയ്യ ആവര്‍ത്തിച്ചു.

‘ഹൈക്കമാന്‍ഡ് പറയുന്നത് എന്താണോ അത് പിന്തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നാളെ മുതല്‍ ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ല. ഇപ്പോഴും ആശയക്കുഴപ്പമില്ല. ചില മാധ്യമങ്ങളാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്,’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ഐക്യം നിര്‍ണായകമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാനും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇരുനേതാക്കളോടും ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുനേതാക്കളെയും ഉടന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.

Siddaramaiah and DK Shivakumar ate together during the dispute over the change of Chief Minister in Karnataka: Both say there is no dispute between them

Share Email
LATEST
More Articles
Top