എസ്ഐആർ എന്യൂമെറേഷൻ ഫോം വിതരണം 99% പൂർത്തിയായി, 60,344 വോട്ടർമാരെ കണ്ടെത്താനായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

എസ്ഐആർ എന്യൂമെറേഷൻ ഫോം വിതരണം 99% പൂർത്തിയായി, 60,344 വോട്ടർമാരെ കണ്ടെത്താനായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR – Special Intensive Revision) ഭാഗമായുള്ള എന്യൂമെറേഷൻ ഫോം വിതരണം 99 ശതമാനം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. എന്നാൽ, 60,344 വോട്ടർമാരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും യഥാർത്ഥ കണക്കുകൾ ഇതിലും ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച വൈകീട്ട് 6 മണി വരെയുള്ള കണക്കനുസരിച്ച് എന്യൂമെറേഷൻ ഫോം വിതരണം 99% പൂർത്തിയാക്കി.

കണ്ടെത്താൻ കഴിയാത്ത (Untraceable) വോട്ടർമാരുടെ എണ്ണം നിലവിൽ 60,344 ആണ്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.22% വരും.

എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരും (BLO) മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ പരാതികൾ ഒഴിവാക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദ്ദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുമായി ചേർന്ന് അടിയന്തര യോഗങ്ങൾ സംഘടിപ്പിക്കാൻ എല്ലാ ബി.എൽ.ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷൻ ഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുകയാണ്.

നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഹബ്ബുകൾ താൻ സന്ദർശിച്ചതായും, തുടർന്നുള്ള ദിവസങ്ങളിൽ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഹബ്ബുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.

Share Email
LATEST
More Articles
Top