എസ്ഐആർ സമയപരിധി നീട്ടി, കരട് പട്ടിക ഡിസംബർ 16ന്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു

എസ്ഐആർ സമയപരിധി നീട്ടി, കരട് പട്ടിക ഡിസംബർ 16ന്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു

തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കുള്ള സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനൽകി. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ഇളവ് ലഭിച്ചത്. പുതിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 11 വരെ ഫോം വിതരണം ചെയ്യാം; കരട് പട്ടിക ഡിസംബർ 16-ന് പ്രസിദ്ധീകരിക്കും; അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 14-ന് പുറത്തിറങ്ങും. നേരത്തെ നിശ്ചയിച്ചിരുന്ന ഡിസംബർ 9-ന് കരട് പട്ടിക പുറത്തിറങ്ങേണ്ടിയിരുന്നത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനവുമായി കൂട്ടിയിടിച്ചതാണ് സമയപരിധി നീട്ടാൻ കാരണമായത്.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് എൽഡിഎഫ്, യുഡിഎഫ്, ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 4-നകം ഫോം വിതരണം പൂർത്തിയാക്കാനുള്ള നിർദേശം അപ്രായോഗികമാണെന്നും ബിഎൽഒമാർക്ക് ഏറെ പ്രയാസമുണ്ടെന്നും പാർട്ടികൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ യോഗത്തിൽ വ്യക്തമാക്കി. ഡിസംബർ നാലിന് ഒന്നാംഘട്ട വിവരശേഖരണം അവസാനിക്കുമ്പോൾ പൂരിപ്പിച്ച ഫോമുകളിൽ 15 ശതമാനം പോലും തിരിച്ചെത്തിയിരുന്നില്ലെന്നും അഞ്ച് ദിവസത്തിനുള്ളിൽ ബാക്കി ഫോമുകൾ തിരിച്ചുവാങ്ങി ഡിജിറ്റലൈസ് ചെയ്യുക അസാധ്യമാണെന്നും പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സമയം നീട്ടിയതോടെ ബിഎൽഒമാർക്ക് ഒരാഴ്ച അധികസമയം ലഭിച്ചു. 99.5 ശതമാനം ഫോമും വിതരണം ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച വരെയുള്ള ഡിജിറ്റലൈസേഷൻ 75.35 ശതമാനം മാത്രമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവും എസ്ഐആർ പ്രവർത്തനവും ഒരുമിച്ച് നടക്കുന്നത് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസമാകുമെന്നാണ് പൊതുവികാരം.

Share Email
LATEST
More Articles
Top