എസ്എസ്കെ ഫണ്ട്: 1158 കോടി കിട്ടാനുണ്ട്, കേന്ദ്രത്തിന് കത്തയച്ച് കേരളം; എസ്ഐആറിന് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി

എസ്എസ്കെ ഫണ്ട്: 1158 കോടി കിട്ടാനുണ്ട്, കേന്ദ്രത്തിന് കത്തയച്ച് കേരളം; എസ്ഐആറിന്  സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ഫണ്ട് ആവശ്യപ്പെട്ട് കേരളം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ, കഴിഞ്ഞ രണ്ടര വർഷമായി കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനെ വിമർശിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഫണ്ടും ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം. 2025-26 വർഷത്തേക്ക് 456 കോടി രൂപ അനുവദിച്ചെങ്കിലും, ആദ്യ ഗഡുവായ 92.41 കോടി മാത്രമാണ് ലഭിച്ചത്. 2023-24 വർഷത്തേക്ക് 440.87 കോടി രൂപയടക്കം ആകെ 1158 കോടി രൂപയാണ് കിട്ടാനുള്ളത്.

ഫണ്ട് തടഞ്ഞുവെക്കുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനും കേരളത്തിലെ കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ടെന്ന് ശിവൻകുട്ടി ആരോപിച്ചു. അവർ ഇക്കാര്യത്തിൽ മറുപടി പറയുകയോ അർഹമായ തുക ലഭ്യമാക്കാൻ ഇടപെടുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം ആദ്യം കേന്ദ്രം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു (92.41 കോടി) അനുവദിച്ചിരുന്നു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ, രണ്ടാമത്തെയും മൂന്നാമത്തെയും ഗഡുക്കൾ ഇതുവരെ ലഭിച്ചിട്ടില്ല. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം നവംബർ 12-ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. പിന്മാറ്റ കത്ത് അയച്ചശേഷം കൂടുതൽ ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

എസ്ഐആർ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും ഓഫീസ് ജോലികൾക്കോ മറ്റ് പരിപാടികൾക്കോ കുട്ടികളെ ഉപയോഗിക്കരുതെന്നും നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top