തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി (LDF) പ്രകടനപത്രിക പുറത്തിറക്കി. നാടിൻ്റെ സാമ്പത്തിക വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്ന ജനപ്രിയ വാഗ്ദാനങ്ങളാണ് മാനിഫെസ്റ്റോയിലുള്ളത്.
പ്രധാന വാഗ്ദാനങ്ങൾ:
- ഭവനം: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വീട് നിർമിച്ച് നൽകും. എല്ലാ പട്ടികവർഗ്ഗക്കാർക്കും വാസയോഗ്യമായ വീട് ഉറപ്പുവരുത്തുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
- തൊഴിൽ: സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50% ആക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ചു വർഷംകൊണ്ട് 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും. ഇതുവഴി പ്രതിമാസം ശരാശരി 10,000 രൂപ വരുമാനം കണക്കാക്കിയാൽ 24,000 കോടി രൂപ സാധാരണക്കാരുടെ വീടുകളിൽ അധിക വരുമാനമായി എത്തിക്കാനാകുമെന്നും പ്രകടനപത്രിക പറയുന്നു.
- ഭക്ഷ്യസുരക്ഷ: കൊച്ചി കോർപ്പറേഷൻ്റെ ‘സമൃദ്ധി’ മാതൃകയിൽ സംസ്ഥാനത്തുടനീളം ജനകീയ ഭക്ഷണശാലകൾ സ്ഥാപിക്കും. പൊതു അടുക്കളകൾ പ്രോത്സാഹിപ്പിക്കുകയും ജനകീയ ഹോട്ടലുകൾ വിപുലപ്പെടുത്തുകയും ചെയ്യും.
- ആരോഗ്യം: മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ (NQA) നേടിയെടുക്കും.
- തെരുവുനായ ശല്യം: തെരുവുനായ ശല്യം ഒഴിവാക്കാൻ ഓരോ തദ്ദേശസ്ഥാപനത്തിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നായകളെ കൂട്ടമായി പാർപ്പിക്കാനുള്ള സങ്കേതങ്ങൾ നിർമ്മിക്കും.
- വിദ്യാഭ്യാസം: വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾക്ക് ഊന്നൽ നൽകും. അഞ്ചു വർഷംകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ (PGI) ഒന്നാമതെത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു.
- സാമൂഹിക ക്ഷേമം: നഗരങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങളിലെ കേവല ദാരിദ്ര്യം പൂർണമായി ഇല്ലാതാക്കും. ഭിന്നശേഷിക്കാർക്കുള്ള ബഡ്സ് സ്കൂളുകളുടെ എണ്ണവും സൗകര്യങ്ങളും വർദ്ധിപ്പിക്കും.
- ലഹരി വിമുക്തി: മദ്യത്തിൻ്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുന്നതിനുള്ള ശക്തമായ പ്രചരണവും നടപടികളും സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സ്വീകരിക്കും.













