അമേരിക്കയിൽ ഉപരിപഠനം നടത്തുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ബാപട്ല ജില്ലയിലെ കരാഞ്ചിഡു സ്വദേശിനിയായ 23-കാരി രാജലക്ഷ്മി (രാജി) യാർലഗദ്ദയെയാണ് നവംബർ 7-ന് ടെക്‌സസിലെ കോർപ്പസ് ക്രിസ്റ്റിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ റൂംമേറ്റ്‌സ് കണ്ടെത്തിയത്. വിജയവാഡയിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം 2023-ലാണ് രാജി ഉപരിപഠനത്തിനായി യു.എസിലേക്ക് പോയത്. അടുത്തിടെ ടെക്‌സസ് എ & എം യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.എസ്. പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരികയായിരുന്നു.
മരിക്കുന്നതിന് 2-3 ദിവസം മുമ്പ് രാജിക്ക് കഠിനമായ ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല. നിലവിൽ മരണകാരണം കണ്ടെത്താനായി മെഡിക്കൽ പരിശോധനകൾ നടക്കുകയാണ്. ഗ്രാമത്തിലെ കൃഷിഭൂമിയിൽ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന് മെച്ചപ്പെട്ട ഭാവി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജി അമേരിക്കയിലേക്ക് പോയത്.
രാജലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും, മരണാനന്തര ചടങ്ങുകൾക്കുമായി പണം കണ്ടെത്താനും, നിലവിലുള്ള വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാനുമായി കുടുംബം പൊതുജന പിന്തുണ തേടി ‘ഗോഫണ്ട്മി’ (GoFundMe) കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതിനും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുമായി സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായമാണ് കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ വർഷം 11 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം യു.എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.













