മേരിലാൻഡ്: മേരിലാൻഡിലെ ഒരു യുഎസ് സൈനിക താവളത്തിൽ സംശയാസ്പദമായ ഒരു പാക്കറ്റ് ഡെലിവറി ചെയ്തതിനെ തുടർന്ന് നിരവധി ആളുകൾക്ക് അസുഖം ബാധിക്കുകയും ചിലരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോർട്ട്. വാഷിംഗ്ടൺ, ഡിസിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ജോയിൻ്റ് ബേസ് ആൻഡ്രൂസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഒരാൾ സംശയാസ്പദമായ പാക്കറ്റ് തുറന്നതിനെത്തുടർന്ന് താവളത്തിലെ ഒരു കെട്ടിടം ഒഴിപ്പിച്ചു എന്നാണ് സിഎൻഎൻ റിപ്പോര്‍ട്ട്.
നിരവധി പേരെ താവളത്തിലെ മാൽക്കം ഗ്രോവ് മെഡിക്കൽ സെൻ്ററിലേക്ക് മാറ്റിയതായും പ്രസ്താവനയിൽ പറയുന്നു.
മുൻകരുതൽ എന്ന നിലയിൽ, കെട്ടിടവും അതുമായി ബന്ധിപ്പിച്ച കെട്ടിടവും ഒഴിപ്പിച്ചു, പ്രദേശത്തിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. “ജോയിൻ്റ് ബേസ് ആൻഡ്രൂസിലെ ആദ്യ പ്രതികരണ ടീം സംഭവസ്ഥലത്തേക്ക് എത്തുകയും, അടിയന്തിര ഭീഷണികളൊന്നും ഇല്ലെന്ന് കണ്ടെത്തുകയും, തുടർന്ന് കേസ് ഓഫീസ് ഓഫ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസിന് കൈമാറുകയും ചെയ്തു. അന്വേഷണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്.
പാക്കറ്റിൽ അജ്ഞാതമായ ഒരു വെളുത്ത പൊടി അടങ്ങിയിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. HAZMAT ടീമിൻ്റെ പ്രാഥമിക ഫീൽഡ് പരിശോധനയിൽ അപകടകരമായ ഒന്നും കണ്ടെത്താനായില്ല. എങ്കിലും, അന്വേഷണം തുടരുകയാണെന്ന് കാര്യങ്ങൾ അറിയുന്ന ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് സിഎൻഎൻ കൂട്ടിച്ചേർത്തു. യുഎസ് പ്രതിരോധ വകുപ്പോ ജോയിൻ്റ് ബേസ് ആൻഡ്രൂസോ പ്രതികരണത്തിനായി റോയിട്ടേഴ്സ് അയച്ച അപേക്ഷകളോട് ഉടൻ പ്രതികരിച്ചില്ല.













