ടെക്സസ് : യുഎസിലെ ടെക്സസിൽ 23കാരിയായ കോളേജ് വിദ്യാർഥിനിയെ വളർത്തു നായ്ക്കളായ മൂന്ന് പിറ്റ്‌ബുള്ളുകൾ ചേർന്ന് കൊലപ്പെടുത്തി. മാഡിസൺ റൈലി ഹൾ എന്ന വിദ്യാർത്ഥിനിയാണ് ടൈലറിലെ വീട്ടിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്. നായകളെ വീടിനകത്തേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പിറ്റ് ബുളളുകൾ ചേര്‍ന്ന് ഈ യുവതിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയാണ് അധികൃതരെ വിവരം അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, വിദ്യാർത്ഥിനി ഗുരുതരമായ പരിക്കുകളോടെ വീട്ടുമുറ്റത്ത് കിടക്കുന്നതാണ് കണ്ടത്. പോലീസിന് നേരെയും നായകൾ ആക്രമണത്തിന് മുതിർന്നു. തുടർന്ന് ഒരു ഡെപ്യൂട്ടി ഓഫീസർ വെടിയുതിർത്ത് നായകളിലൊന്നിനെ കൊന്നു. ഇതോടെ ശേഷിച്ച രണ്ട് നായകൾ പിൻമാറി. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മൃഗങ്ങളെ വളരെയധികം സ്നേഹിച്ചിരുന്നയാളാണ് മാഡിസൺ. , ഈ നായകളുടെ പരിചരണത്തിൽ തനിക്ക് അടുത്തിടെയായി അസ്വസ്ഥത തോന്നിയിരുന്നുവെന്ന് അവർ പറഞ്ഞിരുന്നതായി അമ്മ ജെന്നിഫർ ഹബ്ബെൽ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.













