മുട്ടടയിലെ യുഡിഎഫ്  സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ നടപടി റദ്ദാക്കി

മുട്ടടയിലെ യുഡിഎഫ്  സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന്  നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടി നിയമ പോരാട്ടങ്ങൾക്കൊടുവിൽ റദ്ദാക്കി. ഇതോടെ വൈഷ്ണ തന്നെയായിരിക്കും മുട്ടടയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുക.

കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര പുനഃസ്ഥാപിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. 

വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സാങ്കേതികത്വത്തിൻ്റെ പേരിൽ 24 വയസ്സുള്ള പെൺകുട്ടിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതി യാണെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും പറഞ്ഞിരുന്നു. ഈ കാര്യത്തിൽ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹൈക്കോ ടതി നിർദേശിച്ചിരുന്നു. കോടതിയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർണായക ഉത്തരവ്.

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഹിയറിങ് നടത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനാണ് വൈഷ്ണയുടെയും പരാതിക്കാരൻ്റെയും വാദങ്ങൾ കേട്ടത്. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാൻ കമ്മിഷൻ തീരുമാനമെടുത്തത്. വോട്ടർ അപേക്ഷയിൽ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവായത്.

വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് അന്തിമ വോട്ടർ പട്ടികയിൽനിന്നും ഏകപക്ഷീയമായി പേര് നീക്കം ചെയ്തതെന്നും കമ്മിഷൻ അറിയിച്ചു. തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർ എടുത്ത നടപടിയും അതിന്മേൽ നൽകിയ അറിയിപ്പും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കുന്നു വെന്നുമാണ് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

The removal of UDF candidate Vaishna’s name from the voter list in Muttada has been cancelled.

Share Email
LATEST
Top