വാഷിംഗ്ടൺ: വിവേക് രാമസ്വാമിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി.
രാമസ്വാമി തന്‍റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത് മൂന്നാം ലോക രക്ഷാകർതൃത്വം ആണെന്ന് നളിൻ ആരോപിച്ചു. രാമസ്വാമിയെ ഒരു ഇഴജന്തു എന്ന് വിളിച്ച നളിൻ, ഇയാൾ ഒരു കുട്ടിയുടെ അടുത്തും വരരുത് എന്നും പറഞ്ഞു. 2026ൽ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന രാമസ്വാമി അവതരിപ്പിച്ച പരിഷ്കാരങ്ങളെ നളിൻ എക്സ് പോസ്റ്റിലൂടെ വിമർശിച്ചു.
രാമസ്വാമിയുടെ സ്കൂൾ സമയം വർദ്ധിപ്പിക്കാനും വർഷം മുഴുവനും ക്ലാസുകൾ നടത്താനുമുള്ള നിർദ്ദേശങ്ങളോട് പ്രതികരിച്ചുകൊണ്ട് നളിൻ ഇങ്ങനെ കുറിച്ചു: “ഈ ഇഴജന്തു ഒരു കുട്ടിയുടെ അടുത്തും വരരുത്, അദ്ദേഹത്തിൻ്റെ ഈ ‘മൂന്നാം ലോക രക്ഷാകർതൃ ശൈലി’ അമേരിക്കൻ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ഒരു കാരണവശാലും കഴിയില്ല.”
പഴയ രീതികളാണ് വിദ്യാർത്ഥികളുടെ പരാജയത്തിന് കാരണമെന്ന് വാദിച്ചുകൊണ്ട് ഒഹായോയുടെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയാണ് രാമസ്വാമി അടുത്തിടെ അവതരിപ്പിച്ചത്. അമേരിക്കൻ വിദ്യാർത്ഥികൾ വായനയിലും ഗണിതത്തിലും പിന്നിലാണെന്ന് സർക്കാർ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് രാമസ്വാമി മാറ്റങ്ങൾ വേണമെന്ന് വാദിച്ചത്. തകർന്ന ഈ സംവിധാനം പരിഹരിക്കാനാണ് തന്‍റെ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.













