വാഷിംഗ്ടൺ: വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് റിസർവിസ്റ്റുകൾക്ക് വാഷിംഗ്ടൺ ഡിസിയിൽ വെടിയേറ്റ സംഭവത്തെ തിന്മയുടെയും ഭീകരതയുടെയും പ്രവൃത്തി എന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഭവത്തിന് മണിക്കൂറുകൾക്കകം തന്നെ ഇതിനെ കുടിയേറ്റ നയം കടുപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി അദ്ദേഹം മാറ്റിയിട്ടുണ്ട്. പിടിയിലായ പ്രതി അഫ്ഗാൻ പൗരനാണെന്ന് ട്രംപ് ആരോപിച്ചു. നിയമപാലനത്തിന് സഹായിക്കാൻ താൻ വിവാദാത്മകമായി വിന്യസിച്ച സൈനികരുടെ ഭാഗമായിരുന്നു ഡിസിയിൽ ഈ ഗാർഡ് അംഗങ്ങൾ.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നിന്ന് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിൽ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ട്രംപ് വിഷയം കുടിയേറ്റത്തിലേക്ക് തിരിച്ചുവിട്ടു. 2021-ൽ അഫ്ഗാൻ പിൻവാങ്ങലിന് ശേഷം ബൈഡൻ ഭരണകൂടമാണ് ഈ പ്രതിയെ അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് യുഎസ് നേരിടുന്ന ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണിയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേ സമയം, അഫ്ഗാനിസ്ഥാനുമായി ബന്ധമില്ലാത്ത മറ്റ് കുടിയേറ്റക്കാരെയും ലക്ഷ്യമിട്ട് തന്‍റെ കടുത്ത നയം ശക്തിപ്പെടുത്താനുള്ള അവസരമായി ഈ സംഭവത്തെ ട്രംപ് ഉപയോഗിച്ചു. ബൈഡൻ കാലത്ത് അമേരിക്കയിലെത്തിച്ച ചില അഭയാർത്ഥികളെ വീണ്ടും പരിശോധിക്കാനും, ലോകത്തെ അപകടകരമായ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ താൽക്കാലിക സംരക്ഷണ പദവി റദ്ദാക്കാനുമുള്ള നീക്കങ്ങൾ തുടങ്ങിയതായി സൂചനയുണ്ട്.













