2020-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് പൊതുമാപ്പ് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

2020-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് പൊതുമാപ്പ് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: 2020-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൻ്റെ രാഷ്ട്രീയ സഖ്യകക്ഷികൾക്ക് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പൊതുമാപ്പ് നൽകിയതായി ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പൊതുമാപ്പ് അറ്റോർണി എഡ് മാർട്ടിൻ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി ‘എക്സി’ൽ പങ്കുവെച്ച പ്രസ്താവനയിൽ, ട്രംപിൻ്റെ അഭിഭാഷകരായ റൂഡി ജിയൂലിയാനി, സിഡ്നി പവൽ, മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് തുടങ്ങിയ പ്രമുഖരും മറ്റ് പലരും ഉൾപ്പെടുന്നുവെന്ന് മാർട്ടിൻ അറിയിച്ചു.

“2020-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനു ശേഷം അമേരിക്കൻ ജനതയ്ക്ക് നേരെ നടന്ന ഗുരുതരമായ ദേശീയ അന്യായത്തിന് ഈ പ്രഖ്യാപനം അവസാനം കുറിച്ച് ദേശീയ ഐക്യത്തിൻ്റെ പാത തുറക്കുന്നു,” എന്നാണ് നവംബർ ഏഴിന് തീയതി രേഖപ്പെടുത്തിയതും ട്രംപ് ഒപ്പിട്ടതായി വിശ്വസിക്കപ്പെടുന്നതുമായ പ്രസ്താവനയിൽ പറയുന്നത്.
2020-ലെ തെരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ ശ്രമിച്ചതിന് ജോർജിയയിൽ കുറ്റാരോപണം നേരിട്ട ചില സഹപ്രതികളുൾപ്പെടെ, പട്ടികയിലുള്ള എല്ലാവർക്കും പൂർണവും നിരുപാധികവുമായ പൊതുമാപ്പാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. പ്രസിഡൻഷ്യൽ പൊതുമാപ്പ് ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാത്രമേ ബാധകമാകൂ. സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക കുറ്റകൃത്യങ്ങൾക്ക് ഇത് ബാധകമല്ല. പ്രസിഡന്‍റ് ട്രംപിന് ഈ പൊതുമാപ്പ് ബാധകമല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Share Email
Top