ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിയെ പിന്തുണയ്ക്കുന്ന ജൂത ന്യൂയോർക്കുകാർക്കെതിരെ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. അവർ വിഡ്ഢികളാണെന്ന് ട്രംപ് തുറന്നടിച്ചു. “തെളിയിക്കപ്പെട്ടതും സ്വയം പ്രഖ്യാപിതവുമായ ജൂത വിദ്വേഷിയായ സൊഹ്റാൻ മംദാനിക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും വിഡ്ഢിയാണ്!!!” ട്രംപ് ഇന്ന് രാവിലെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
ട്രംപിന്‍റെ ഈ പ്രതികരണം, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഡെമോക്രാറ്റിക് ഗവർണർ ആൻഡ്രൂ കൂമോയ്ക്ക് വോട്ട് ചെയ്യാൻ ന്യൂയോർക്കുകാരോട് അദ്ദേഹം ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിനുശേഷമാണ്. ക്വീൻസ് സ്വദേശിയായ ട്രംപ്, 34-കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിക്കെതിരെ മുമ്പും വിമർശനം ഉന്നയിച്ചിട്ടുണ്ട്; അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു.
മംദാനിയുടെ ഇസ്രായേൽ വിരുദ്ധവും പലസ്തീൻ അനുകൂലവുമായ മുൻ നിലപാടുകളിൽ ചില ജൂത ന്യൂയോർക്കുകാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സമീപ മാസങ്ങളിൽ മംദാനി തൻ്റെ വിവാദ നിലപാടുകൾ മയപ്പെടുത്തുകയും, സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന ജൂത വോട്ടർമാർക്ക് ഉറപ്പ് നൽകാൻ ശ്രമിക്കുകയും ചെയ്തു.










