വാഷിംഗ്ടണ്‍: ബിബിസിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്‍റ് വ്യക്തമാക്കി. ബിബിസി അപകീര്‍ത്തി ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും, തര്‍ക്കത്തില്‍ നിന്ന് പിന്മാറാന്‍ ട്രംപ് യാതൊരു സൂചനയും നല്‍കിയിട്ടില്ല.
മുതിര്‍ന്ന ബിബിസി ഉദ്യോഗസ്ഥര്‍ പലരും രാജിവെച്ചിട്ടുണ്ടെങ്കിലും, ഈ സംഭവം ലണ്ടനുമായുള്ള ബന്ധങ്ങളെ സങ്കീര്‍ണ്ണമാക്കുമോ എന്ന ആശങ്ക വര്‍ധിക്കുന്നതിനിടയിലും തര്‍ക്കം തുടരുകയാണ്. “ഞങ്ങള്‍ ഒരു ബില്യണ്‍ മുതല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ ആവശ്യപ്പെട്ട് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും, അടുത്ത ആഴ്ചയോടെ അത് സംഭവിക്കും. എനിക്കിത് ചെയ്യേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ പറ്റിച്ചതായി സമ്മതിച്ചുകൊണ്ടാണ് ഇത്,” എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഈ ഏറ്റവും പുതിയ പ്രസ്താവനയ്ക്ക് മുമ്പ്, ട്രംപ് 1 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഈ തുക ബിബിസിയുടെ വാര്‍ഷിക വരുമാനത്തിന്‍റെ ഏകദേശം 13 ശതമാനത്തോളം വരും. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് പൊതുജനങ്ങളില്‍ നിന്ന് പിരിക്കുന്ന ലൈസന്‍സ് ഫീസ് വഴിയാണ് ലഭിക്കുന്നത്. 2024-ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിബിസിയുടെ പ്രധാന പരിപാടിയായ പനോരമയില്‍ സംപ്രേക്ഷണം ചെയ്ത പഴയ ക്ലിപ്പ് കഴിഞ്ഞ ആഴ്ച വീണ്ടും ശ്രദ്ധയില്‍പ്പെട്ടിരുന്നു.












