ഡൽഹി: യുഎസിൽ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതിൻ്റെ പേരിൽ 7,000-ത്തിലധികം ട്രക്ക് ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ഈ വർഷമാണ് ഇത്രയും ഡ്രൈവർമാരെ പുറത്താക്കിയത്. ഇതിൽ കൂടുതലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ സിഖ് ട്രക്ക് ഡ്രൈവർമാരാണ്. വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കിയുള്ള നിയമം കർശനമായി നടപ്പാക്കാൻ യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി ഉത്തരവിട്ടത്.
ഒരു കൊമേഴ്‌സ്യൽ ഡ്രൈവറുടെ ലൈസൻസ് (CDL) ഉള്ള എല്ലാ ഡ്രൈവർമാർക്കും പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും റോഡ് ചിഹ്നങ്ങൾ മനസ്സിലാക്കാനും അധികൃതരുമായി സംസാരിക്കാനും കഴിയുന്നത്ര ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും കഴിയണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ ഉടൻ തന്നെ സർവീസിൽ നിന്ന് നീക്കം ചെയ്യും. ഈ വർഷം ഒക്ടോബർ വരെ 7,248 ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കിയതായി ഡഫി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട ചില ഹൈവേ അപകടങ്ങളെ തുടർന്നാണ് ഈ നീക്കം. കലിഫോർണിയ ഹൈവേയിലുണ്ടായ ഒരു വാഹനാപകടത്തിൽ ഒരു ഇന്ത്യൻ ഡ്രൈവർ മൂന്ന് അമേരിക്കക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണമുയർന്നിരുന്നു. പുതിയ നിയമം സുരക്ഷ വർദ്ധിപ്പിക്കാനാണെന്ന് ഫെഡറൽ അധികൃതർ അവകാശപ്പെടുന്നത്.













