തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗിലും എഐ ഉല്‍പ്പന്നങ്ങളിലും മുന്‍പന്തിയിലുള്ള യുഎസ് ആസ്ഥാനമായ അര്‍മഡ ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ പുതിയ ഓഫീസ് തുറന്നു.
ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസിലെ എംബസി ടോറസ് കെട്ടിടത്തിലെ കമ്പനിയുടെ പുതിയ ഓഫീസ് അര്‍മഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസര്‍ പ്രദീപ് നായര്‍ ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), അര്‍മഡ ഇന്ത്യ എംഡിയും മേധാവിയുമായ ശരത് ചന്ദ്രന്‍, എന്‍ജിനീയറിങ് വൈസ് പ്രസിഡന്‍റ് അനീഷ് സ്വാമിനാഥന്‍, ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, എംബസി പ്രതിനിധികള്‍, അര്‍മഡ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
28 പേരുള്ള ഓഫീസില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വലിയ കെട്ടിടത്തിലേക്കുള്ള മാറ്റം അര്‍മഡയുടെ വളര്‍ച്ചയുടെ ഗ്രാഫും സാധ്യതകളും കാണിക്കുന്നുവെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ഇവിടത്തെ കമ്പനികളാണ് ടെക്നോപാര്‍ക്കിന്‍റെ ഏറ്റവും വലിയ അംബാസഡര്‍മാര്‍. അര്‍മാഡ അതിന് ഒരു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണാ സേവനങ്ങള്‍, കുറഞ്ഞ ചെലവ്, മികച്ച പ്രൊഫഷണലുകളെ കണ്ടെത്താനുള്ള സൗകര്യം എന്നിവയുള്ള അനുകൂല ആവാസവ്യവസ്ഥ ടെക്നോപാര്‍ക്ക് നല്‍കുന്നുവെന്ന് ശരത് ചന്ദ്രന്‍ പറഞ്ഞു.
തുടക്കത്തില്‍ അര്‍മഡയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ടെക്നോപാര്‍ക്കിന് പുറത്ത് ഒരു സ്ഥലം അന്വേഷിച്ചിരുന്നുവെന്ന് പ്രദീപ് നായര്‍ പറഞ്ഞു. പക്ഷേ ടെക്നോപാര്‍ക്കിന്‍റെ നേതൃത്വമാണ് കാമ്പസിനുള്ളില്‍ ഓഫീസ് ആരംഭിക്കാന്‍ പ്രചോദനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ- വികസന മേഖലയില്‍ അര്‍മഡ കേരളത്തില്‍ മികച്ച അടിത്തറ സാധ്യമാക്കിയിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍, പ്രൊഡക്ട് മാനേജര്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവരുടെ വലിയ സംഘത്തെ നിയമിക്കുകയും അവരുടെ തൊഴില്‍ശക്തി വികസിപ്പിക്കുകയും ചെയ്യുന്നു. ലിങ്ക്ഡ്ഇന്‍ സിയാറ്റിലിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ അടുത്തിടെ അര്‍മഡ രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ യുഎസും മിഡില്‍ ഈസ്റ്റുമാണ് അര്‍മാഡയുടെ പ്രധാന വിപണികളെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിശാലമായ ആഗോള വിപണിയിലേക്കുള്ള വിപുലീകരണം ഉടന്‍ ഉണ്ടാകും.
ഇന്‍ഡസ്ട്രിയല്‍ ഓട്ടോണമിയെ പുനര്‍നിര്‍വചിക്കുന്ന അടുത്ത തലമുറ ഇന്‍റലിജന്‍റ് എഡ്ജ് സിസ്റ്റങ്ങള്‍ അര്‍മഡ ടെക്നോപാര്‍ക്കില്‍ ആഗോളതലത്തില്‍ പ്രാപ്തമാക്കുന്നു. ഡീപ്ഐക്യുവുമായുള്ള സഹകരണവും ഡാറ്റ ക്രിയേഷനില്‍ നിര്‍ണായകമാണ്. മികച്ച തത്സമയ തീരുമാനമെടുക്കലും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ വ്യാവസായിക പ്രവര്‍ത്തനങ്ങളും കമ്പനി പ്രാപ്തമാക്കുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വളരുന്നതിനനുസരിച്ച് മേഖലകളിലുടനീളം സുസ്ഥിരമായ നവീകരണത്തിന് വഴിയൊരുക്കുന്ന എഐ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ അര്‍മഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ടെക്നോപാര്‍ക്കില്‍ അര്‍മഡ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയും എന്‍ജിനീയറിംഗ്, പ്രൊഡക്ട്, എഐ പ്രൊഫഷണലുകള്‍ എന്നിവയില്‍ ജീവനക്കാരെ തേടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടെക് പ്രൊഫഷണലുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇത് നല്‍കുന്നു. നിലവിലെ ഒഴിവുകള്‍ അര്‍മഡയുടെ വെബ്സൈറ്റിന്‍റെ കരിയര്‍ വിഭാഗത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
US-based Armada opens new office at Technopark Phase-3 campus







							



