വാഷിംഗ്ടൺ: ചൈനയുടെ കുതിച്ചുയരുന്ന നാവികശേഷിയെ നേരിടാനുള്ള അമേരിക്കൻ തന്ത്രത്തിന് വൻ തിരിച്ചടി. യുഎസ് നാവികസേനാ സെക്രട്ടറി ജോൺ ഫെലൻ കോൺസ്റ്റലേഷൻ-ക്ലാസ് ഫ്രിഗേറ്റുകളുടെ നിർമാണ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ബില്യൺ കണക്കിന് ഡോളർ ചെലവ് പ്രതീക്ഷിച്ച ഈ പദ്ധതി യുദ്ധസന്നദ്ധതയ്ക്കോ വിജയസാധ്യതയ്ക്കോ ഗുണം ചെയ്യുന്നില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
“യുദ്ധത്തിൽ ജയിക്കാനുള്ള കഴിവ് വർധിപ്പിക്കാത്ത ഒരു പ്രോഗ്രാമിന് ഞാൻ ഒരു സെൻറ് പോലും ചെലവഴിക്കില്ല,” നാവികസേനാ സെക്രട്ടറി സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഈ വാഗ്ദാനം നിറവേറ്റാൻ കപ്പലുകൾ നിർമിക്കുന്നതും വിന്യസിക്കുന്നതുമായ രീതി മുഴുവനായി മാറ്റിയെടുക്കുകയാണ് ഞങ്ങൾ. വ്യവസായ പങ്കാളികളുമായി ചേർന്ന് യുദ്ധമുഖത്ത് മുൻതൂക്കം നേടാനുള്ള പുതിയ മാർഗം രൂപപ്പെടുത്തുന്നു. കോൺസ്റ്റലേഷൻ-ക്ലാസ് ഫ്രിഗേറ്റ് പ്രോഗ്രാമിൽ നിന്ന് തന്ത്രപരമായി പിന്മാറുന്നതോടെയാണ് ഈ മാറ്റം ആരംഭിക്കുന്നത്,” അദ്ദേഹം വിശദീകരിച്ചു.
ഭാവി ഭീഷണികളെ ചെറുക്കാൻ യുഎസ് നാവികസേനയ്ക്ക് കപ്പലുകളുടെ എണ്ണം അതിവേഗം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ യുഎസ്എൻഐ ന്യൂസിനോട് പറഞ്ഞു. പുതിയ ക്ലാസ് കപ്പലുകൾ കൂടുതൽ വേഗത്തിൽ നിർമിക്കാനും ആയുധ-സംവിധാനങ്ങൾ വേഗത്തിൽ സന്നിവേശിപ്പിക്കാനും ഈ പുതിയ സമീപനം സഹായിക്കുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ.













