വാഷിംഗ്ടൺ/അബുദാബി: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടിക്ക് യുക്രൈൻ സമ്മതം അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ. കരാറിലെ ചെറിയ വിശദാംശങ്ങൾ മാത്രമേ ഇനി പരിഹരിക്കാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതൽ നടപടികൾ ആവശ്യമുണ്ടെന്ന് യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ നിർദ്ദേശത്തെക്കുറിച്ച് റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താൻ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ അബുദാബിയിലുള്ളപ്പോഴാണ് യുഎസ് ഉദ്യോഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“യുക്രൈൻ സമാധാന ഉടമ്പടിക്ക് സമ്മതിച്ചിട്ടുണ്ട്. പരിഹരിക്കേണ്ട ചില ചെറിയ വിശദാംശങ്ങൾ മാത്രമേയുള്ളൂ, പക്ഷേ അവർ സമാധാന ഉടമ്പടിക്ക് അംഗീകാരം നൽകി” ഉദ്യോഗസ്ഥൻ പറഞ്ഞു. യുക്രേനിയൻ ഉദ്യോഗസ്ഥരുടെ പരസ്യമായ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായാണ് യുഎസ് പ്രസ്താവന വന്നിരിക്കുന്നത്. യുക്രെയ്നിന്റെ പ്രതിനിധി സംഘവും അബുദാബിയിൽ ഉണ്ട്. അവർ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളുമായി ബന്ധപ്പെട്ടുവരുന്നു.
യുക്രൈന്‍റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: “ജനീവയിൽ ചർച്ച ചെയ്ത കരാറിലെ പ്രധാന നിബന്ധനകളെക്കുറിച്ച് പ്രതിനിധി സംഘങ്ങൾ ഒരു പൊതുധാരണയിലെത്തിയിരിക്കുന്നു. ഞങ്ങളുടെ തുടർന്നുള്ള നടപടികൾക്ക് യൂറോപ്യൻ പങ്കാളികളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അന്തിമ നടപടികൾ പൂർത്തിയാക്കാനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കരാർ ഉറപ്പിക്കാനുമായി സെലെൻസ്കിയുടെ യുഎസ് സന്ദർശനം സംഘടിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും ഉമറോവ് കൂട്ടിച്ചേർത്തു.













