വാഷിംഗ്ടൺ ഡി.സി. : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തിന്റെ കുടിയേറ്റ നയത്തിൽ സമൂലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. എല്ലാ ‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുമുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്തെ സംവിധാനങ്ങൾ നന്നാവാൻ’ വേണ്ടിയാണിതെന്നും, യുഎസിന് ‘നല്ല മുതൽക്കൂട്ടല്ലാത്ത’ ആരെയും നീക്കം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
വാഷിംഗ്ടൺ ഡി.സിയിൽ ഒരു അഫ്ഗാൻ പൗരൻ നടത്തിയ വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് സൈനികൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ ട്രംപ് പ്രധാനമായും ഊന്നിപ്പറഞ്ഞ കാര്യങ്ങൾ:
യുഎസ് സംവിധാനത്തെ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനായി മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കും.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച ദശലക്ഷക്കണക്കിന് ആളുകളെ പുറത്താക്കും.
സുരക്ഷാ ഭീഷണി ഉയർത്തുന്ന, ‘ എല്ലാ വിദേശ പൗരന്മാരെയും നാടുകടത്തും.
യുഎസ് പൗരന്മാരല്ലാത്തവർക്ക് നൽകുന്ന എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കും.
ഇമിഗ്രന്റ് വിസകൾ (ഗ്രീൻ കാർഡ്) ഉൾപ്പെടെയുള്ള സ്ഥിരതാമസ രേഖകൾ കടുപ്പമേറിയ പുനഃപരിശോധനയ്ക്ക് വിധേയമാക്കും.
“അമേരിക്കയുടെ നിലനിൽപ്പിന് വിനാശകരമാകുന്നവർക്ക് ഇവിടെ അധികകാലം ഉണ്ടാകില്ല,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ നിർദ്ദേശപ്രകാരം, യുഎസ് പൗരത്വ, കുടിയേറ്റ സേവനങ്ങൾ (USCIS) ഉദ്യോഗസ്ഥർ, അഫ്ഗാനിസ്ഥാൻ, ക്യൂബ, സൊമാലിയ, വെനിസ്വേല തുടങ്ങിയ 19 ‘ഉയർന്ന അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ പ്രത്യേക ഘടകങ്ങൾ പ്രതികൂലമായി കണക്കിലെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.













