വാഷിങ്ടൺ : നവംബർ മാസത്തെ സപ്ലിമെന്റൽ ന്യൂട്രീഷ്യൻ അസിസ്റ്റന്റ പ്രോഗ്രാം (സ്നാപ് ) ആനുകൂല്യങ്ങൾ പൂർണ്ണമായി വിതരണം ചെയ്ത സംസ്ഥാനങ്ങൾ അവ തിരികെ പിടിക്കണമെന്ന നിർദ്ദേശം നൽകി അമേരിക്കൻ കൃഷിവകുപ്പായ യുഎസ്ഡിഎ (USDA) . സ്നാപ് ആനുകൂല്യങ്ങളുടെ പൂർണ്ണ വിതരണം സുപ്രീം കോടതി താത്കാലികമായി തടഞ്ഞതിനെ തുടർന്നാണ് ട്രംപ് ഭരണകൂടം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്.
യുഎസ്ഡിഎ ഡെപ്യൂട്ടി അണ്ടർസെക്രട്ടറി പാട്രിക് എ. പെൻ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബറിലെ സ്നാപ് ആനുകൂല്യങ്ങൾ പൂർണമായി അനുവദിച്ച സംസ്ഥാനങ്ങൾ ഉടൻ തന്നെ അവ പിന്‍വലിക്കണമെന്നു നിർദ്ദേശിച്ചു. ഈ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങൾക്കുളള ഫെഡറൽ ഫണ്ടുകൾ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വന്നകീഴ് കോടതി ഉത്തരവിനെ തുടർന്ന് സ്നാപ് ആനുകൂല്യങ്ങൾ പൂർണമായി നല്കാൻ നിർദേശം നല്കിയിരുന്നു. എന്നാൽ ഇതിനെതിരേ ട്രംപ ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ സ്നാപ് ആനുകൂല്യങ്ങൾ പൂർണമായി നല്കുന്നത് ,കോടതി താത്കാലികമായി വിലക്കിയതോടെ കൃഷി വകുപ്പും നിലപാട് മാറ്റി.
അടച്ചു പൂട്ടലിന്റെ പശ്ചാത്തലത്തിൽ സ്നാപ് പദ്ധതിക്കായുള്ള ഫണ്ടിൽ അനിശ്ചിതത്വം അതിരൂക്ഷമാണ്. അടച്ചിടലിന്റെ സാഹചര്യത്തിൽ 40 മില്യൺ അമേരിക്കക്കാർക്ക് ലഭിക്കുന്ന SNAP ആനുകൂല്യങ്ങൾ തുടരണോ എന്ന ചർച്ചയാണ് നടക്കുന്നത്. അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിൽ നവംബറിൽ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് യുഎസ്ഡിഎ നേരത്തെ അറിയിച്ചിരുന്നു,
അതിനെതിരെ വിവിധ സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചിരുന്നു.. സംസ്ഥാനങ്ങൾ ഫണ്ട് തിരികെ പിടിക്കണമെന്നു പറയുമ്പോഴും എങ്ങനെയാണ് തിരികെ പിടി ക്കേണ്ടതെന്ന വ്യക്തതയും നല്കുന്നില്ല.
USDA says states must ‘undo’ efforts to disburse full November SNAP benefits










