കീവ്: യുഎസുമായുള്ള ഉന്നതതല ചർച്ചകൾക്ക് പിന്നാലെ യുക്രൈൻ-റഷ്യ സമാധാനത്തിന് നിരവധി സാധ്യതകൾ തെളിയുന്നുവെന്ന് പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. “ജനീവയിലെ ചർച്ചകൾക്ക് ശേഷം സമാധാനത്തിലേക്കുള്ള വഴി യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒട്ടേറെ അവസരങ്ങൾ ഞങ്ങൾ കാണുന്നു. ശക്തമായ ഫലങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ ജോലികൾ ബാക്കിയുണ്ട്,” സെലെൻസ്കി പറഞ്ഞു.
കഴിഞ്ഞ ആഴ്ച അമേരിക്ക മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതിയിൽ റഷ്യയ്ക്ക് അനുകൂലമായ നിലപാടുകൾ ഉൾപ്പെട്ടത് യൂറോപ്യൻ രാജ്യങ്ങൾക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന് മറുപടിയായി തിങ്കളാഴ്ച യൂറോപ്പ് പുതുക്കിയ സമാധാന നിർദേശം സമർപ്പിച്ചു. റഷ്യയ്ക്ക് അനുകൂലമായ വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാണ് ഈ പുതിയ രേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് റോയിട്ടേഴ്സിന് ലഭിച്ച പ്രസ്തുത രേഖയും യൂറോപ്യൻ നയതന്ത്ര വൃത്തങ്ങളും സ്ഥിരീകരിക്കുന്നു.
ഇന്ന് രാത്രി യുക്രൈൻ സഖ്യകക്ഷികളുടെ ഉന്നതതല യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പുതുക്കിയ സമാധാന പദ്ധതിയും നയതന്ത്ര തന്ത്രങ്ങളും വിശദമായി ചർച്ച ചെയ്യും. “ഞങ്ങളുടെ നിലപാടുകളും മുൻഗണനാ വിഷയങ്ങളും അടുത്ത ഘട്ട നീക്കങ്ങളും ഏകോപിപ്പിക്കാനുള്ള മാർഗങ്ങളും ഞങ്ങൾ വിശദമായി സംസാരിച്ചു.” ബ്രിട്ടനുമായുള്ള ചർച്ചയെക്കുറിച്ച് സെലെൻസ്കി പറഞ്ഞു.
യുഎസിന്‍റെ പദ്ധതിയോട് യൂറോപ്പ് കടുപ്പമേറിയ നിലപാട് സ്വീകരിച്ചതോടെ സമാധാന ചർച്ചകളുടെ ഗതി നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.













