ഡൽഹി: അമേരിക്കയിൽ നിന്ന് ഈ വർഷം നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഈ വർഷം ഇതുവരെ 3,258 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയെ അറിയിച്ചു. 2009 മുതൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആകെ എണ്ണം 18,822 ആണ്. നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും, സ്ത്രീകളെയും കുട്ടികളെയും കൈവിലങ്ങുകളോ ചങ്ങലകളോ ഉപയോഗിച്ച് ബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യൻ സർക്കാർ യുഎസ് അധികൃതരുമായി ചർച്ചകൾ നടത്തി. സെപ്റ്റംബറിൽ നാടുകടത്തുന്നതിന് മുൻപ് 73 വയസ്സുള്ള ഹർജിത് കൗറിനോട് മോശമായി പെരുമാറിയതിനെ തുടർന്ന് യുഎസ്. അധികൃതരോട് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിമാനത്തിൽ കയറ്റുന്നതിന് മുൻപ് കൗറിനെ തടങ്കലിൽ വെച്ച് മോശമായി പെരുമാറി എന്ന് ജയശങ്കർ അറിയിച്ചു.
‘സെപ്റ്റംബർ 26-ന് അവരുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ഞങ്ങൾ ഔദ്യോഗികമായി യു.എസ്. എംബസിക്ക് കത്തെഴുതി. പെരുമാറ്റത്തെക്കുറിച്ച് ശക്തമായ ആശങ്ക അറിയിക്കുകയും ഇക്കാര്യം അന്വേഷിക്കാൻ എംബസിയോടും അമേരിക്കൻ അധികാരികളോടും ആവശ്യപ്പെടുകയും ചെയ്തുവെന്ന് ജയശങ്കർ വ്യക്തമാക്കി. നാടുകടത്തുന്ന വിമാനങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെക്കുന്ന സംഭവങ്ങൾ ഫെബ്രുവരി 5-ന് ശേഷം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എങ്കിലും, നാടുകടത്തുന്നവരിൽ നിന്ന് സഹയാത്രികർക്കും ക്രൂ അംഗങ്ങൾക്കുമെതിരെ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണ നയം 2012 നവംബർ മുതൽ യുഎസ് പിന്തുടരുന്നതെന്നും മന്ത്രി വിശദീകരിച്ചു.













