ന്യൂഡൽഹി: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ് ഐ ആർ ) സംബന്ധിച്ച ചർച്ചയ്ക്കിടെ ലോക്‌സഭ കഴിഞ്ഞ ദിവസം നാടകീയ സാക്ഷ്യം വഹിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായി ഇടപെട്ടതോടെ ഇരുവരും തമ്മിൽ തീപ്പൊരി വാക്‌പോർ അരങ്ങേറി. എസ്‌ഐആർ വിഷയത്തിൽ താൻ നടത്തിയ മൂന്ന് പത്രസമ്മേളനങ്ങളെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് രാഹുൽ ഷായെ വെല്ലുവിളിച്ചു. “എന്ത് സംസാരിക്കണമെന്ന് ആർക്കും എന്നെ പഠിപ്പിക്കേണ്ട” എന്ന മറുപടിയാണ് അമിത് ഷാ നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര സ്ഥാപനമായതിനാൽ എസ്‌ഐആർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് അമിത് ഷാ ആദ്യം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷം “ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നു” എന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സർക്കാർ ചർച്ചയ്ക്ക് തയാറായി. വോട്ടർ പട്ടിക ശുദ്ധീകരണം പുതിയ കാര്യമല്ലെന്നും കോൺഗ്രസ് ഭരണകാലത്താണ് ഏറിയ പങ്ക് എസ്‌ഐആറും നടന്നതെന്നും ഷാ ചൂണ്ടിക്കാട്ടി. “ഒരാൾക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ അവകാശമില്ല; അത് തടയാനാണ് എസ്‌ഐആർ” എന്ന് അദ്ദേഹം വാദിച്ചു.
പ്രതിപക്ഷത്തിന്റെ ആശങ്കയുടെ യഥാർഥ കാരണം അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നതാണെന്ന് അമിത് ഷാ ആരോപിച്ചു. “ഇന്ത്യൻ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർക്ക് വോട്ടവകാശം വേണോ?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. നെഹ്‌റു കുടുംബം പാരമ്പര്യമായി “വോട്ട് ചോർത്തൽ” നടത്തിയെന്ന ആരോപണവും ഷാ ആവർത്തിച്ചു. തോറ്റാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുകയും ജയിച്ചാൽ അതിനെ പുകഴ്ത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി വീണ്ടും ഇടപെട്ട് വെല്ലുവിളിച്ചപ്പോൾ “മുതിർന്ന നേതാക്കൾ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തരുത്” എന്ന് അമിത് ഷാ ക്ഷുഭിതനായി പ്രതികരിച്ചു. പ്രതിപക്ഷ അംഗങ്ങൾ ബഹളം വളർത്തിയെങ്കിലും സ്പീക്കറുടെ ഇടപെടലിന് ശേഷം അമിത് ഷാ തന്റെ പ്രസംഗം പൂർത്തിയാക്കി. എസ്‌ഐആർ തിരഞ്ഞെടുപ്പ് സംവിധാനത്തെ കൂടുതൽ സുതാര്യവും നീതിയുക്തവും ആക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു.













