കെന്നഡി സെന്ററിന് ട്രംപിന്റെ പേര് നൽകിയതിൽ കടുത്ത പ്രതിഷേധം; ക്രിസ്മസ് ഈവ് ജാസ് കൺസേർട്ട് റദ്ദാക്കി, കെന്നഡി കുടുംബം നിയമനടപടിക്ക്

കെന്നഡി സെന്ററിന് ട്രംപിന്റെ പേര് നൽകിയതിൽ കടുത്ത പ്രതിഷേധം; ക്രിസ്മസ് ഈവ് ജാസ് കൺസേർട്ട് റദ്ദാക്കി, കെന്നഡി കുടുംബം നിയമനടപടിക്ക്

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ പ്രശസ്തമായ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ പേര് മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂടി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രമുഖ സംഗീതജ്ഞൻ തന്റെ പരിപാടി റദ്ദാക്കി. വർഷങ്ങളായി കെന്നഡി സെന്ററിൽ ക്രിസ്മസ് തലേന്ന് നടക്കാറുള്ള ‘ജാസ് കൺസേർട്ട്’ ആണ് അതിന്റെ സംഘാടകനും ഡ്രമ്മറുമായ ചക് റെഡ് വേണ്ടെന്നു വെച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കെന്നഡി സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാപനത്തിന്റെ പേര് “ട്രംപ് കെന്നഡി സെന്റർ” എന്നാക്കി മാറ്റാൻ വോട്ട് ചെയ്തത്. ഇതിനു പിന്നാലെ കെട്ടിടത്തിന് മുന്നിൽ ട്രംപിന്റെ പേര് പതിച്ച പുതിയ ബോർഡുകൾ സ്ഥാപിക്കുകയും വെബ്സൈറ്റിൽ മാറ്റം വരുത്തുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച പേര് മാറ്റം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ക്രിസ്മസ് തലേന്നുള്ള ജാസ് ജാം കൺസേർട്ട് റദ്ദാക്കാൻ തീരുമാനിച്ച എന്ന് ചക് റെഡ് പ്രസ്താവനയിൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഈ പരിപാടിയുടെ ഭാഗമായ വ്യക്തിയാണ് ഇദ്ദേഹം. ട്രംപിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കുടുംബാംഗങ്ങൾ, ജനപ്രതിനിധികൾ, കലാപ്രേമികൾ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രപ്രധാനമായ ഒരു സ്ഥാപനത്തിന്റെ പേര് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്.

രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾക്ക് തന്റെ പേര് നൽകണമെന്ന ട്രംപിന്റെ ആഗ്രഹപ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന. നേരത്തെ വിമാനത്താവളങ്ങൾക്കും മറ്റ് പൊതുസ്ഥാപനങ്ങൾക്കും തന്റെ പേര് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ ട്രംപ് തുടങ്ങിയിരുന്നു. ഈ പേര് മാറ്റത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കെന്നഡി കുടുംബം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സാംസ്കാരിക ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Share Email
LATEST
Top