എപ്സ്റ്റീൻ ഫയലുകൾ: സ്ത്രീകളുടെ നഗ്നചിത്രങ്ങൾ അടക്കം മറയ്ക്കാതെ പുറത്തുവിട്ടു, ഇരകളുടെ വിവരങ്ങൾ പുറത്തായതിൽ പ്രതിഷേധം

എപ്സ്റ്റീൻ ഫയലുകൾ: സ്ത്രീകളുടെ നഗ്നചിത്രങ്ങൾ അടക്കം മറയ്ക്കാതെ പുറത്തുവിട്ടു, ഇരകളുടെ വിവരങ്ങൾ പുറത്തായതിൽ പ്രതിഷേധം

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പുറത്തുവിട്ടതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇരകളുടെ അഭിഭാഷക ഗ്ലോറിയ ഓൾറെഡ്. രേഖകളിലെ ഇരകളുടെ പേരുകളും സ്വകാര്യ വിവരങ്ങളും മറയ്ക്കുന്നതിൽ നീതിന്യായ വകുപ്പ് പരാജയപ്പെട്ടുവെന്നും ഇത് അതിജീവിച്ചവരോടുള്ള നീതികേടാണെന്നും അവർ ശനിയാഴ്ച പ്രതികരിച്ചു. രേഖകൾ പുറത്തുവിടുമ്പോൾ സ്വകാര്യത ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയ സംവിധാനം ഇരകളെ വീണ്ടും ചതിച്ചിരിക്കുകയാണെന്നും അവർ തുറന്നടിച്ചു.

എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം വിവരങ്ങൾ പുറത്തുവിടുമ്പോൾ ഇരകളുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടണമെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, പരസ്യപ്പെടുത്തിയ ഫയലുകളിൽ പലയിടത്തും അതിജീവിച്ചവരുടെ പേരുകൾ വ്യക്തമായി കാണാമെന്ന് ഓൾറെഡ് ചൂണ്ടിക്കാട്ടി. പുറത്തുവിടാൻ പാടില്ലെന്ന് തങ്ങൾ പ്രത്യേകം ആവശ്യപ്പെട്ട പേരുകൾ പോലും ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് തികച്ചും അസ്വീകാര്യമാണെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ഉൾപ്പെടെയുള്ളവ മറയ്ക്കാതെ പ്രസിദ്ധീകരിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. സാങ്കേതിക പിഴവുകളോ മനുഷ്യസഹജമായ തെറ്റുകളോ കാരണമാകാം ഇത്തരത്തിൽ സംഭവിച്ചതെന്ന് നീതിന്യായ വകുപ്പ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേജുകൾ വരുന്ന രേഖകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധിച്ചതിലെ പാകപ്പിഴകളാണ് വിവരങ്ങൾ ചോരാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, സുപ്രധാനമായ ഈ പ്രക്രിയയിൽ ഇത്തരം ലാഘവത്വം പാടില്ലായിരുന്നുവെന്നും ഉത്തരവാദികൾ മറുപടി പറയണമെന്നും ഓൾറെഡ് ആവശ്യപ്പെട്ടു.

Share Email
LATEST
Top