വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈകളിൽ പുതുതായി കാണപ്പെട്ട ചതവുകൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹത്തിന്റെ വലതുകൈയിൽ പാടുകൾ ദൃശ്യമായിരുന്നുവെങ്കിലും, ഇപ്പോൾ ഇടതുകൈയിലും സമാനമായ നിറവ്യത്യാസം കണ്ടുതുടങ്ങിയതാണ് രാഷ്ട്രീയ നിരീക്ഷകരെയും ആരോഗ്യവിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുന്നത്. 79-ാം വയസ്സിൽ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ ട്രംപ്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് എന്നതും ഈ ആശങ്കകൾക്ക് ആഴം കൂട്ടുന്നു.
കഴിഞ്ഞ ആഴ്ച നടന്ന വിവിധ പൊതുപരിപാടികളിലാണ് ട്രംപിന്റെ ഇടതുകൈയുടെ പുറംഭാഗത്ത് പുതിയ പാടുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ വലതുകൈയിലെ പാടുകളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, അദ്ദേഹം നിരന്തരം ആളുകൾക്ക് ഹസ്തദാനം നൽകുന്നതുകൊണ്ടും ഹൃദയാരോഗ്യത്തിനായി ദിവസവും കഴിക്കുന്ന ആസ്പിരിൻ ഗുളികകൾ ചർമ്മത്തെ സെൻസിറ്റീവ് ആക്കുന്നതുകൊണ്ടുമാണ് ഇതെന്നായിരുന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ട്രംപ് ഒരു ഇടംകൈയൻ അല്ലാത്ത സാഹചര്യത്തിൽ, പുതിയ ചതവുകൾക്ക് ഹസ്തദാനം കാരണമായി പറയാനാകില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് വൈറ്റ് ഹൗസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തതാണ് ഊഹാപോഹങ്ങൾ വർദ്ധിപ്പിക്കുന്നത്. അദ്ദേഹം ഇൻട്രാവെനസ് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടോ എന്ന തരത്തിലുള്ള സംശയങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ട്രംപിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’എന്ന രക്തചംക്രമണ സംബന്ധമായ ബുദ്ധിമുട്ടുണ്ടെന്ന് ഈ വർഷം ജൂലൈയിൽ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. പ്രായമായവരിൽ സിരകളിലെ രക്തയോട്ടം കുറയുന്ന ഈ അവസ്ഥ ചർമ്മത്തിൽ വേഗത്തിൽ പാടുകൾ വരാൻ കാരണമാകും.
എങ്കിലും, ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രംപ് ഒരു എംആർഐ പരിശോധനയ്ക്ക് വിധേയനായതും അതിന്റെ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താത്തതും ആരോഗ്യവിഷയത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. തന്റെ ഊർജ്ജസ്വലതയെക്കുറിച്ച് ട്രംപ് എപ്പോഴും അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും, കൈകളിലെ ഈ മാറ്റങ്ങൾ അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥയെക്കുറിച്ചുള്ള സുതാര്യത ആവശ്യപ്പെടുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്.













