ഇന്റര്‍ നാഷണല്‍ വനിതാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയ്ക്കുവേണ്ടി മെഡല്‍നേട്ടം സ്വന്തമാക്കി ഹൂസ്റ്റണില്‍ നിന്നുള്ള മലയാളിയായ ദിവ്യ തോമസ്

ഇന്റര്‍ നാഷണല്‍ വനിതാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയ്ക്കുവേണ്ടി മെഡല്‍നേട്ടം സ്വന്തമാക്കി ഹൂസ്റ്റണില്‍ നിന്നുള്ള മലയാളിയായ ദിവ്യ തോമസ്

പനാമ: നോര്‍ത്ത് അമേരിക്കന്‍ റീജിയണല്‍ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയ്ക്ക് വേണ്ടി വെള്ളിമെഡല്‍ കരസ്ഥമാക്കി മലയാളി പെണ്‍കുട്ടി ദിവ്യതോമസ്. മെഡല്‍നേട്ടത്തോടെ ഹുസ്റ്റണിലെ മലയാളി സമൂഹത്തിന്റെ മുഴുവന്‍ അഭിമാന നിമിഷമാണ് ദിവ്യ സമ്മാനിച്ചത്. നോര്‍ത്ത് അമേരിക്കന്‍ റീജിയണില്‍ പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ദിവ്യ വെള്ളി നേട്ടത്തിന് ഉടമയായത്.

ഹ്യൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ബിജോ ചാക്കോ-മിനി ദമ്പതികളുടെ ഏകമകളായ ദിവ്യ നിരന്തര പരിശീലനവും കഠിനാധ്വാനവും മൂലവും ആണ് മലയാളി വനിതകള്‍ അധികമാരും കൈവയ്ക്കാന്‍ മടിക്കുന്ന പവര്‍ ലിഫ്റ്റിങ് രംഗത്ത് തന്റെ തിളക്കമാര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കിയത്.

2020 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റനിലെ ബിരുദ പഠനത്തിനിടയില്‍ ഒരു കൗതുകത്തിനും ചിട്ടയായ ഒരു വ്യായാമ പരിശീലനം എന്ന രീതിയിലും ആണ് ക്യാമ്പസിലെ പവര്‍ ലിഫ്റ്റിംഗ് ടീമില്‍ അംഗമാകുന്നത്. എന്നാല്‍ പരിശീലനത്തിന്റെ ആദ്യകാലയളവില്‍ തന്നെ പ്രൊഫഷണല്‍ പവര്‍ ലിഫ്റ്റിങ്ങില്‍ തന്റെ മികവ് തെളിയിച്ച ദിവ്യ ഒരു വര്‍ഷത്തിനുള്ളില്‍ റീജണല്‍ ,നാഷണല്‍ മത്സരങ്ങളില്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി കളത്തിലിറങ്ങി .

ചിക്കാഗോയില്‍ നടന്ന നാഷണല്‍ കോളേജിയേറ്റ് ജൂനിയര്‍, സതേണ്‍ റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ് ,അര്‍ലിംഗ്ടണില്‍ നടന്ന കോളേജിയേറ്റ് നാഷണല്‍ ,ഡമേവ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന RAW നാഷണല്‍സ് തുടങ്ങിയ വേദികളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ കാലയളവില്‍ ദിവ്യക്ക് സാധിച്ചു.

2025 ഫെബ്രുവരിയില്‍ ന്യൂ ഒറീലന്‍സില്‍ നടന്ന ബെഞ്ച് നാഷണല്‍ കോമ്പറ്റീഷനില്‍ ദേശീയതലത്തില്‍ നാലാം സ്ഥാനക്കാരിയാകുവാനും സാധിച്ചു. പിന്നീട് ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് വേണ്ടി യോഗ്യത നേടിയ ദിവ്യയുടെ ആദ്യ രാജ്യാന്തര സമ്മാനമാണ് പനാമയില്‍ വച്ച് നേടിയ വെള്ളിമെഡല്‍ . പൊതുവില്‍ പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ,ഇന്ത്യക്കാരോ പ്രത്യേകിച്ച് മലയാളി വനിതകളോ കടന്നുചെല്ലാന്‍ മടി കാട്ടുന്ന പവര്‍ ലിഫ്റ്റിംഗ് മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ആദ്യം അത്ര എളുപ്പമല്ലായിരുന്നു എന്ന് ദിവ്യ തന്നെ പറയുന്നു.

മറ്റ് സ്‌പോര്‍ട്‌സുകളെ അപേക്ഷിച്ച് സാന്നിധ്യം കൊണ്ടും പ്രാതിനിധ്യം കൊണ്ടും എല്ലാ പ്ലാറ്റ്‌ഫോമുകളിലും തന്നെ പുരുഷന്മാര്‍ ആയിരുന്നു കൂടുതല്‍. ക്ലാസിക്കല്‍ നൃത്തം മാത്രം വഴങ്ങിയിരുന്ന ശരീരം ഭാരോദ്വാഹത്തിന് വേണ്ടി തയ്യാറാക്കാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടി വന്നു കൂടാതെ സാംസ്‌കാരികപരമായും സാമൂഹികപരമായും നമ്മുടെ സമൂഹത്തില്‍ ഇത്തരം കായിക പരിശീലനത്തെ കുറിച്ച് നിലനില്‍ക്കുന്ന ചില മുന്‍വിധികളും ധാരണകളും തുടക്കത്തില്‍ ഒരു വെല്ലുവിളിയായിരുന്നു പക്ഷേ ലക്ഷ്യബോധവും സ്ഥിരമായ കഠിനാധ്വാനവും ആഴത്തിലുള്ള ദൈവവിശ്വാസവും മാതാപിതാക്കളുടെ പിന്തുണയുമാണ് തന്നെ മുന്‍പോട്ട് നയിച്ചത് എന്ന് ദിവ്യ ഓര്‍ത്തെടുക്കുന്നു .

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ദിവ്യ നിലവില്‍ ബൈയിലര്‍ കോളേജ് ഓഫ് മെഡിസിനില്‍ റിസര്‍ച്ച് കോഡിനേറ്റര്‍ ആയി ജോലിയും ചെയ്യുന്നു. പഠനത്തിന്റെയും ജോലിയുടെയും തിരക്കിനിടയിലും പരിശീലകന്‍ മൈക്കിള്‍ ജിന്നിനെ കീഴില്‍ 2026 ലാസ് വൈഗസില്‍ വച്ച് നടക്കുന്ന ബെഞ്ച് നാഷണല്‍ വേണ്ടിയുള്ള തീവ്ര പരിശീലനത്തിലാണ് ഇപ്പോള്‍ ദിവ്യ .20 വര്‍ഷങ്ങള്‍ക്കു മുമ്പ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി പിന്നീട് പൗരത്വം സ്വീകരിക്കുകയും ഇപ്പോള്‍ രാജ്യത്തിനുവേണ്ടി ഒരു മെഡല്‍ കരസ്ഥമാക്കുകയും ചെയ്ത സന്തോഷത്തിലാണ് ദിവ്യയുംകുടുംബാംഗങ്ങളും.

ഹുസ്റ്റണിലെ മലയാളി സംഘടനകളും ദിവ്യ അംഗമായിട്ടുള്ള പേര്‍ലന്‍ഡ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചും ദിവ്യയുടെ നേട്ടത്തെ ആദരിച്ചു. പിതാവ് ബിജോ ചാക്കോ ചാലക്കുടി മഞ്ഞളി കുടുംബാംഗവും അമ്മ മിനി ബിജോ തൊടുപുഴ കുഴിക്കാട്ട് മാലില്‍ കുടുംബാംഗവുമാണ്.

Divya Thomas, a Malayali from Houston, wins a medal at the International Women’s Powerlifting Championship

Share Email
Top