ഡ്ൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇഡിയുടെ ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.
ഈ കേസിൽ ഇഡി സമർപ്പിച്ച പരാതി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 16-നാണ് വിചാരണ കോടതി ഉത്തരവിട്ടത്. എഫ്.ഐ.ആറിന്റെ (FIR) അടിസ്ഥാനത്തിലല്ല കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നതായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) ഒരു കുറ്റകൃത്യത്തിൽ അന്വേഷണം നടത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ഒരു എഫ്.ഐ.ആർ അനിവാര്യമാണെന്നും, ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എന്നാൽ സി.ബി.ഐയോ മറ്റേതെങ്കിലും ഏജൻസിയോ ഇതുവരെ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടി. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (AJL) ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഗാന്ധി കുടുംബം ഉൾപ്പെട്ട യങ് ഇന്ത്യൻ കമ്പനി തട്ടിയെടുത്തു എന്നാണ് ഇഡിയുടെ ആരോപണം. ഇതിനെതിരെയാണ് ഇഡി ഇപ്പോൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.













