വാഷിംഗ്ടൺ: അന്തരിച്ച പ്രമുഖ കൺസർവേറ്റീവ് ഇൻഫ്ലുവൻസർ ചാർളി കിർക്കിന്‍റെ മരണം സംബന്ധിച്ച ഗൂഢാലോചന സിദ്ധാന്തങ്ങളെ ചൊല്ലി നിലനിന്നിരുന്ന തർക്കങ്ങൾക്കിടയിൽ, അദ്ദേഹത്തിന്‍റെ ഭാര്യ എറിക്ക കിർക്കും പോഡ്കാസ്റ്റർ കാൻഡസ് ഓവൻസും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളിൽ ഇരുവരും ഈ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്ന് വിശേഷിപ്പിച്ചു. സെപ്റ്റംബറിൽ ഉട്ടാ കോളേജ് കാമ്പസിൽ വെച്ച് വെടിയേറ്റാണ് ചാർളി കിർക്ക് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇരുവരും നേരിട്ട് സംസാരിക്കുന്നത് ഇതാദ്യമായാണ്.
തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ച ഏകദേശം നാലര മണിക്കൂർ നീണ്ടുനിന്നതായി കാൻഡസ് ഓവൻസ് വ്യക്തമാക്കി. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ തന്‍റെ ചൊവ്വാഴ്ചത്തെ ഷോയിൽ പങ്കുവെക്കുമെന്നും അവർ ഉറപ്പുനൽകി.
“ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങളിൽ ഞങ്ങൾ യോജിച്ചു. തീർച്ചയായും, വിവിധ പോയിന്റുകളിലും വ്യക്തികളിലും ഞങ്ങൾ വിയോജിപ്പുകൾ പ്രകടിപ്പിച്ചു. ഏറ്റവും പ്രധാനമായി, വിവരങ്ങൾ പങ്കുവെക്കാനും ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനും ഞങ്ങൾക്ക് സാധിച്ചു,” ഓവൻസ് കുറിച്ചു.
ചാർളി കിർക്കിന്റെ കൊലപാതകത്തിന് ശേഷം ഇടനിലക്കാർ വഴിയായിരുന്നു ഇവർ സംസാരിച്ചിരുന്നത്. ഇവരുടെ ബന്ധം വഷളായതിനെത്തുടർന്ന് നേരിട്ടുള്ള സംഭാഷണങ്ങൾ ഒഴിവാക്കിയിരുന്നു. ചാർളി കിർക്കിന്റെ മരണത്തെക്കുറിച്ച് തെളിവുകളില്ലാത്ത അവകാശവാദങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും കാൻഡസ് ഓവൻസ് തന്റെ പോഡ്കാസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിക്കെതിരെയുള്ള കേസിനെ സംശയനിഴലിലാക്കുന്ന രീതിയിലുള്ള ഓവൻസിന്റെ നിലപാടുകൾ കൺസർവേറ്റീവ് പ്രസ്ഥാനത്തിനുള്ളിൽ തന്നെ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയോടെ ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് അയവ് വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.











