ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു; ‘സാങ്ച്വറി’ സംസ്ഥാനങ്ങൾക്ക് ആശ്വാസം

ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു; ‘സാങ്ച്വറി’ സംസ്ഥാനങ്ങൾക്ക് ആശ്വാസം

വാഷിംഗ്ടൺ: കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന ‘സാങ്ച്വറി’ സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് യുഎസ് കോടതി. കുടിയേറ്റ വിഷയത്തിൽ ഫെഡറൽ ഏജൻസികളുമായി സഹകരിക്കാത്തതിന് ശിക്ഷയായി സംസ്ഥാനങ്ങൾക്കുള്ള സുരക്ഷാ ഫണ്ടുകൾ തടയാനാവില്ലെന്ന് റോഡ് ഐലൻഡിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മേരി മക്ൽറോയ് വിധിച്ചു. ഭരണകൂടത്തിന്റെ ഈ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.

ഹോംലാൻഡ് സെക്യൂരിറ്റി, ഫെമ എന്നിവ വഴി നൽകേണ്ട 233 ദശലക്ഷം ഡോളറിലധികം (ഏകദേശം 1,900 കോടി രൂപ) ഫണ്ടാണ് ട്രംപ് ഭരണകൂടം തടഞ്ഞുവെച്ചത്. ന്യൂയോർക്ക്, വാഷിംഗ്ടൺ, മസാച്യുസെറ്റ്‌സ്, മിനസോട്ട, കണക്റ്റിക്കട്ട്, ഡെലവെയർ, റോഡ് ഐലൻഡ്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയെയുമാണ് ഈ നടപടി ബാധിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണത്തിനുമായി നൽകുന്ന ഫണ്ട് രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ‘ മനസ്സാക്ഷിയില്ലാത്ത നടപടി’യാണെന്ന് ജഡ്ജി വിശേഷിപ്പിച്ചു.

അടുത്തിടെ ബ്രൗൺ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പ് പോലെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇത്തരം ഫണ്ടുകൾ അത്യന്താപേക്ഷിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രദേശത്തുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനോ നാടുകടത്താനോ ഫെഡറൽ ഏജൻസികളെ സഹായിക്കില്ലെന്ന നിലപാടുള്ള സംസ്ഥാനങ്ങളെയും നഗരങ്ങളെയുമാണ് ‘സാങ്ച്വറി’ എന്ന് വിളിക്കുന്നത്. ഇവരെ വിരട്ടുന്നതിനായിട്ടാണ് ട്രംപ് ഫണ്ട് വെട്ടിക്കുറച്ചത്.

Share Email
LATEST
Top