തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായി പൂർത്തിയായി. ഏഴ് ജില്ലകളിലായി വൈകിട്ട് ആറ് മണി വരെ നീണ്ട വോട്ടെടുപ്പിൽ 70 ശതമാനത്തിനു മുകളിൽ പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പോളിംഗ് എറണാകുളത്ത് (71.93%) ഉം ഏറ്റവും കുറവ് തിരുവനന്തപുരത്ത് (64.55%) ഉം. കൊല്ലം 67.86%, പത്തനംതിട്ട 64.78%, ആലപ്പുഴ 71.26%, കോട്ടയം 68.44%, ഇടുക്കി 68.45% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഏറ്റവും പുതിയ കണക്ക്. വരിയിൽ നിന്നവർക്ക് ടോക്കൺ നൽകി ആറിനു ശേഷവും വോട്ട് ചെയ്യാൻ അനുവദിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 സ്ഥാപനങ്ങളിലേക്ക് 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മുമ്പത്തെ തെരഞ്ഞെടുപ്പുകളെക്കാൾ വലിയ ആവേശവും ആരവവും ഇത്തവണ പ്രചാരണത്തിനുണ്ടായിരുന്നു. ഭരണതുടർച്ചയ്ക്കും അധികാരം തിരിച്ചുപിടിക്കാനും അട്ടിമറി ലക്ഷ്യമിട്ടും മുന്നണികൾ കഠിനമായി പോരടിച്ചു. ശബരിമല സ്വർണക്കടത്ത് മുതൽ രാഹുൽ മാങ്കൂട്ടത്തിൽ വിവാദം വരെ ചർച്ചയായി.
പൊതുവെ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളിൽ ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിൽ എൽഡിഎഫ് ഭരണതുടർച്ച പ്രതീക്ഷിക്കുമ്പോൾ യുഡിഎഫും ബിജെപിയും കനത്ത മത്സരം കാഴ്ചവെച്ചു. പ്രവചനാതീതമായ തിരുവനന്തപുരം കോർപറേഷൻ ഏറെ ശ്രദ്ധ നേടി.
രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ ഫലവും ഡിസംബർ 13-ന് അറിയാം.













