എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ ശ്രീകുമാരന്‍ തമ്പി സാന്നിധ്യമറിയിക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുമായി വിവിധ വേദികളില്‍ നേരിട്ട് സംവദിക്കാനെത്തിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും 1977-ലെ സാന്‍ഫ്രാന്‍സിസ്‌കോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കേരളാ കണ്‍വന്‍ഷനിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ധന്യമാണെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 3000-ലധികം മലയാള ചലച്ചിത്ര ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യ വൈഭവം പ്രകടപ്പിക്കുന്ന ശ്രീകുമാരന്‍ തമ്പിയെ ‘ഹ്യദയഗീതങ്ങളുടെ കവി’ എന്നും വിശേഷിപ്പിക്കുന്നു. വയലാര്‍ രാമവര്‍മ്മ, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളാണ് ശ്രീകുമാരന്‍ തമ്പി.
മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 78 സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്. നാല് കവിതാ സമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവാണ്. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തി.
മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി നല്‍കപ്പെടുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര-സാഹിത്യ രംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജ്യൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
2026 ജനുവരി 3-ാം തീയതി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പോടെയാണ് ഫോമാ കേരള കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയെന്ന് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഫോമായുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിധവകളായ 750 അമ്മമാര്‍ക്ക് വസ്ത്രവും ധാന്യക്കിറ്റും മെഡിക്കല്‍ കിറ്റും സഹായ ധനവും നല്‍കുന്ന ‘അമ്മയോടൊപ്പം’ പരിപാടി ജനുവരി 5-ാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പിറവത്ത് നടക്കും.
കോട്ടയത്തെ നക്ഷത്ര ഹോട്ടലായ വിന്‍ഡ്‌സര്‍ കാസിലില്‍ ആണ് ‘ഫോമാ കേരള കണ്‍വന്‍ഷന്‍ 2025-ന് വേദിയൊരുങ്ങുന്നത്. ജനുവരി 9-ാം തീയതി രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ആയിരത്തിലധികം പേര്‍ പേര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ദിവസത്തെ ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കുന്ന പരിപാടികള്‍. ഉദ്ഘാടന ചടങ്ങിന് ശേഷം ഫോമായുടെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വിളിച്ചോതുന്ന ചാരിറ്റി പ്രോഗ്രാമിലൂടെയാണ് കണ്‍വന്‍ഷന് തുടക്കം കുറിക്കുക.
ജനുവരി 10-ാം തീയതി രാവിലെ മുതല്‍ വൈകുന്നേരം വരെ വേമ്പനാട്ട് കായലിലൂടെയുള്ള ആഘോഷമായ ഹൗസ് ബോട്ട് സഞ്ചാരമാണ് മറ്റൊരു സസ്‌പെന്‍സ്. കുട്ടനാടന്‍ ഭക്ഷണവും വിനോദങ്ങളും ഈ ബോട്ട് ക്രൂയിസിനെ അവിസ്മരണീയമാക്കും. കേരളാ കണ്‍വന്‍ഷന്റെ ശ്രദ്ധേയമായ മറ്റൊരു ഇവന്റാണ് അവസാന ദിവസമായ 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ബിസിനസ് മീറ്റ്. ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026 ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ ബിസിനസ് മീറ്റിന്റെ കോ-ഓര്‍ഡിനേറ്ററാവും. പീറ്റര്‍ കുളങ്ങരയാണ് കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍.
കേരള കണ്‍വന്‍ഷനിലെ ശ്രികുമാരന്‍ തമ്പിയുടെ സാന്നിധ്യം അനുഗ്രഹീതമാണെന്നും ഒരുക്കങ്ങളെല്ലാം അവസാന വട്ടത്തിലാണെന്നും ഫോമായുടെ നിരവധി കുടുംബാംഗങ്ങള്‍ നാട്ടിലേയ്ക്കുള്ള യാത്രയുടെ ആവേശത്തിലാണെന്നും ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
Fomaa Kerala Convention 2026 at Kottayam Sreekumaran Thampy Chief Guest













