ഫോമാ കേരള കണ്‍വന്‍ഷന്‍ പരിപാടികളില്‍ അശരണര്‍ക്ക് കൈത്താങ്ങാവുന്ന ചാരിറ്റിക്ക് ഊന്നല്‍

ഫോമാ കേരള കണ്‍വന്‍ഷന്‍ പരിപാടികളില്‍ അശരണര്‍ക്ക് കൈത്താങ്ങാവുന്ന ചാരിറ്റിക്ക് ഊന്നല്‍

എ.എസ് ശ്രീകുമാര്‍

കോട്ടയം: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കുടുംബാംഗങ്ങള്‍ വീണ്ടും ജന്‍മനാട്ടിലേയ്‌ക്കെത്തി നൊസ്റ്റാള്‍ജിയയുടെ പൂമുഖത്തൊരു നിലവിളക്കുകൊളുത്തി ഗൃഹപ്രവേശനത്തിനൊരുങ്ങുകയാണ്. മഹത്തായ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായുള്ള വിവിധ സഹായ വിതരണമുള്‍പ്പെടെ ഫോമായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കേരള കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ബഹുമുഖ പരിപാടികള്‍ 2026 ജനുവരി 3-ാം തീയതി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പോടെ തുടക്കം കുറിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

മൂന്നാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോണ്‍സ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ കാര്‍ഡിയോളജി. ന്യൂറോളജി, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധര്‍ വിവിധ പരിശേധനകള്‍ നടത്തി ചികില്‍സ നിര്‍ദേശിക്കും. 14-ാമത് ‘അമ്മയോടൊപ്പം’ പരിപാടി ജനുവരി 5-ാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പിറവത്ത് നടക്കും. കഴിഞ്ഞ കഴിഞ്ഞ 13 വര്‍ഷമായി നിര്‍ധനരായ അമ്മമാര്‍ക്ക് ഉപഹാരങ്ങളും സാമ്പത്തിക സഹായവും മുടങ്ങാതെ നടത്തിവരുന്ന ജീവകാരുണ്യ പരിപാടിയായ ‘അമ്മയോടൊപ്പം’ ഫോമായുടെ ആഭിമുഖ്യത്തിലാണ് നടക്കുക. ഇക്കുറി നിര്‍ധന വിധവകളായ 750 അമ്മമാര്‍ക്ക് വസ്ത്രവും ധാന്യക്കിറ്റും മെഡിക്കല്‍ കിറ്റും സഹായ ധനവും നല്‍കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച് ‘അക്ഷര നഗരി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കോട്ടയത്തെ നക്ഷത്ര ഹോട്ടലായ വിന്‍ഡ്‌സര്‍ കാസിലില്‍ ആണ് അമേരിക്കന്‍ മലയാളികളുടെ കേരളോല്‍സവമായ ‘ഫോമാ കേരള കണ്‍വന്‍ഷന്‍ 2025-ന് വേദിയൊരുങ്ങുന്നത്. ജനുവരി 9-ാം തീയതി രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ആയിരത്തിലധികം പേര്‍ പേര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ദിവസത്തെ ധന്യമാക്കുന്ന പരിപാടികള്‍. ഉദ്ഘാടന ചടങ്ങിന് ശേഷം ഫോമായുടെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വിളിച്ചോതുന്ന ചാരിറ്റി പ്രോഗ്രാമിലൂടെയാണ് കണ്‍വന്‍ഷന് തുടക്കം കുറിക്കുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും മുച്ചക്ര സ്‌കൂട്ടറും കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും കേഴ്‌വി പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണ സഹായിയും സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനും അമേരിക്കന്‍ മലയാളി സമൂഹത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അംബാസിഡറുമായ പീറ്റര്‍ കുളങ്ങര വ്യക്തമാക്കി.

മാതൃഭൂമിയോടുള്ള ആദരവിന്റെ കാഹളം മുഴങ്ങുന്ന സമ്മേളനത്തില്‍ ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം നടക്കും. കൂടാതെ, നിര്‍ധനരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ സഹായമായി തയ്യല്‍ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും നല്‍കും. അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നേഴ്‌സ് ബിരുദ ധാരികള്‍ക്കും സ്റ്റുഡന്റ് വിസ തേടുന്നവര്‍ക്കുമുള്ള കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, യു.കെ നേഴ്‌സിങ് ഇമിഗ്രേഷന്‍ സെമിനാര്‍ തുടങ്ങിയവയും കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ സാന്നിധ്യവും കണ്‍വന്‍ഷനിലുണ്ടാവും.

വൈകുന്നേരം നാലുമണിക്ക് ശിങ്കാരി മേളത്തില്‍ കേരളത്തനിമയാര്‍ന്ന ഘോഷയാത്രയോടെയാണ് പൊതുസമ്മേളനം ആരംഭിക്കുക. കവി, നോവലിസ്റ്റ്, ചലച്ചിത്രഗാന രചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ കൈയ്യൊപ്പുചാര്‍ത്തിയ ശ്രീകുമാരന്‍ തമ്പിയുടെ സാന്നിധ്യത്തില്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍, എം.പിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ജോസ് കെ മാണി, എം.എന്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മന്‍, ജോബ് മൈക്കിള്‍, മുന്‍ എം.എല്‍.എ രാജു എബ്രഹാം, സുരേഷ് കുറുപ്പ്, ജോസ് കെ മാണിയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ നിഷ ജോസ് കെ മാണി, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം, 2008-ല്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ ടൈറ്റില്‍ വിജയിയായ പ്രശസ്ത ഗായകന്‍ വിവേകാനന്ദനും അഖില ആനന്ദും ടീമും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റ് സുധി പറവൂരിന്റെ കോമഡി ഷോയും കണ്‍വന്‍ഷന്റെ എന്റര്‍റ്റൈന്‍മെന്റ് ഹൈലൈറ്റാണ്. ജനുവരി 10-ാം തീയതി രാവിലെ മുതല്‍ വൈകുന്നേരം വരെ വേമ്പനാട്ട് കായലിലൂടെയുള്ള ആഘോഷമായ ഹൗസ് ബോട്ട് സഞ്ചാരമാണ് മറ്റൊരു സസ്‌പെന്‍സ്. കുട്ടനാടന്‍ ഭക്ഷണവും വിനോദങ്ങളും ഈ ബോട്ട് ക്രൂയിസിനെ അവിസ്മരണീയമാക്കും.

കേരളാ കണ്‍വന്‍ഷന്റെ ശ്രദ്ധേയമായ മറ്റൊരു ഇവന്റാണ് അവസാന ദിവസമായ 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ബിസിനസ് മീറ്റ്. വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖര്‍ സംഗമിക്കുന്ന മീറ്റ് ഉച്ച കഴിഞ്ഞ് 3.30-ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഉമാ തോമസ്, കെ.ജെ മാക്‌സി, മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഫോമായുടെ മുന്‍ പ്രസിഡന്റും ബിസിനസ് ഫോറം ചെയറുമായ ബേബി ഊരാളില്‍, ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍-2026 ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ എന്നിവര്‍ ബിസിനസ് മീറ്റിന് നേതൃത്വം നല്‍കും. സാബു കെ ജേക്കബ് ആണ് ബിസിനസ് മീറ്റിന്റെയും അമ്മയോടൊപ്പം പരിപാടിയുടെയും കോ-ഓര്‍ഡിനേറ്റര്‍.

ഫോമായുടെ ഈ കേരള കണ്‍വന്‍ഷന്‍ നമ്മുടെ ജന്‍മനാട് കണ്ട, പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കണ്‍വന്‍ഷനായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നും ഒരുക്കങ്ങള്‍ അവസാന വട്ടത്തിലാണെന്നും ഫോമായുടെ നിരവധി കുടുംബാംഗങ്ങള്‍ നാട്ടിലേയ്ക്കുള്ള യാത്രയുടെ ആവേശത്തിലാണെന്നും ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

FOMAA Kerala convention 2026 focusing on different charity projects

Share Email
LATEST
More Articles
Top