ക്ലിന്‍റൺ ദമ്പതികൾക്ക് അന്ത്യശാസനം, ഹാജരായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും; ജെഫ്രി എപ്‌സ്റ്റീൻ കേസിൽ നേരിട്ടെത്തി മൊഴി നൽകണം

ക്ലിന്‍റൺ ദമ്പതികൾക്ക് അന്ത്യശാസനം, ഹാജരായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും; ജെഫ്രി എപ്‌സ്റ്റീൻ കേസിൽ നേരിട്ടെത്തി മൊഴി നൽകണം

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നേരിട്ട് ഹാജരായി മൊഴി നൽകാൻ ബിൽ ക്ലിന്‍റനോടും ഹിലരി ക്ലിന്‍റനോടും യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനുവരിയിൽ പുതിയ തീയതികൾ അനുവദിച്ച കമ്മിറ്റി, സഹകരിച്ചില്ലെങ്കിൽ ‘കോടതി അലക്ഷ്യം’ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ അയച്ച കത്തിലെ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

മറ്റ് ചിലർക്ക് രേഖാമൂലം മൊഴി നൽകാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും ക്ലിന്‍റൺ ദമ്പതികൾക്ക് ആ ആനുകൂല്യം നൽകാനാവില്ലെന്ന് കോമർ വ്യക്തമാക്കി. രേഖാമൂലം മൊഴി നൽകാൻ അനുവദിക്കപ്പെട്ടവർക്ക് ഒന്നുകിൽ ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ അല്ലെങ്കിൽ അന്വേഷണവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇല്ലാത്തവരോ ആണ്. എന്നാൽ ക്ലിന്‍റൺ ദമ്പതികളുടെ സാഹചര്യം അതല്ല. ജെഫ്രി എപ്‌സ്റ്റീൻ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരുമായി ക്ലിന്‍റൺ ദമ്പതികൾക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. അതിനാൽ നേരിട്ടുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണ്.

ജെഫ്രി എപ്‌സ്റ്റീൻ്റെ സ്വകാര്യ വിമാനത്തിലും ദ്വീപിലും ബിൽ ക്ലിൻ്റൺ സന്ദർശനം നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ താൻ തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്നാണ് ബിൽ ക്ലിൻ്റൻ്റെ നിലപാട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയായ എപ്‌സ്റ്റീൻ 2019-ൽ ജയിലിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ട്രംപ് ഭരണകൂടം എപ്‌സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്താൻ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള കമ്മിറ്റി ക്ലിൻ്റൺ ദമ്പതികൾക്കെതിരെ നീക്കം ശക്തമാക്കുന്നത്.

Share Email
Top