വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പൂർണ്ണമായും പുറത്തുവിടാനുള്ള നടപടികൾ 2026-ലേക്ക് നീളുന്നു. രേഖകൾ പരസ്യപ്പെടുത്താൻ നിശ്ചയിച്ചിരുന്ന സമയപരിധി കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ഫയലുകൾ ഇനിയും പരിശോധിക്കാനുണ്ടെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുതുതായി പത്ത് ലക്ഷത്തിലധികം രേഖകൾ കൂടി കണ്ടെത്തിയതായി നീതിന്യായ വകുപ്പ് വെളിപ്പെടുത്തി. ഇവ പരിശോധിച്ചു വരികയാണെന്നും വരും ആഴ്ചകളിൽ മാത്രമേ ഇവ പുറത്തുവിടാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
ഡിസംബർ 19-നായിരുന്നു ഫയലുകൾ പുറത്തുവിടാനുള്ള ഔദ്യോഗിക സമയപരിധി. എന്നാൽ രേഖകളുടെ ബാഹുല്യം കാരണം ഇത് സാധ്യമായില്ല. കഴിഞ്ഞയാഴ്ച നൂറുകണക്കിന് ഫയലുകൾ ‘എപ്‌സ്റ്റീൻ ലൈബ്രറി’ എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു.
എഫ്ബിഐയുടെ പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിൽ നിന്നുള്ള 300 ജിബിയിലധികം ഡാറ്റയാണ് ഇതിലുള്ളത്. ഇതിൽ ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ, സാക്ഷിമൊഴികൾ എന്നിവ ഉൾപ്പെടുന്നു.
പുറത്തുവിട്ട പല ഫയലുകളിലും പ്രധാനപ്പെട്ട വിവരങ്ങൾ മായ്ച്ചു കളഞ്ഞതായും ഇത് ഇരകളെയും നിയമനിർമ്മാതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പുറത്തുവന്ന പുതിയ രേഖകളിൽ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1993-നും 1996-നും ഇടയിൽ ട്രംപ് എട്ട് തവണയെങ്കിലും ഇതിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് സൂചന. വെബ്‌സൈറ്റിൽ ആദ്യം പ്രസിദ്ധീകരിച്ച ചില ഫയലുകൾ (പ്രത്യേകിച്ച് ട്രംപ് ഉൾപ്പെട്ട ചിത്രങ്ങൾ) പിന്നീട് അപ്രത്യക്ഷമായതായും ആക്ഷേപമുണ്ട്.













