വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നത് കുത്തനെ ഇടിഞ്ഞു. 2015 മായി താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനത്തോളം കുറവാണ് 2025-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, 2025 സാമ്പത്തിക വര്‍ഷം ഏഴ് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ആകെ ലഭിച്ചത് 4,573 എച്ച്1ബി വിസകള്‍ മാത്രമാണ്.
ഇത് 2015നെ അപേക്ഷിച്ച് 70 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷത്തേതുമായുള്ള താരതമ്യത്തില്‍ 37 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (USCIS) എച്ച്1ബി എംപ്ലോയര്‍ ഡാറ്റാ ഹബ്ബില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
കൂടുതല്‍ എച്ച്1ബി വിസ ലഭിച്ചതിന് പുറമേ, നിലവിലുള്ള എച്ച്1ബി വിസകള്‍ നീട്ടിനല്‍കുന്നതിനോ അല്ലെങ്കില്‍ പുതുക്കുന്നതിനോ സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ അംഗീകാരം നേടിയ കമ്പനികളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടംപിടിച്ചത് ഇന്ത്യയില്‍ നിന്നും ടിസിഎസ് മാത്രമാണ്.
കൂടുതല്‍ എച്ച്1ബി വിസകള്‍ ലഭിച്ച ആദ്യ നാല് കമ്പനികള്‍ ആമസോണ്‍, മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയാണ്. കൂടുതല്‍ എച്ച്1ബി വിസകള്‍ ലഭിച്ച ആദ്യ 25 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യ ആസ്ഥാനമായുള്ള മൂന്ന് കമ്പനികള്‍ മാത്രമാണുള്ളത്. ഇന്‍ഫോസിസ്, വിപ്രോ, എല്‍ടിഐമിന്‍ഡ്ട്രി എന്നിവയുടെ റിജക്ഷന്‍ റേറ്റ് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലാണ്. എന്നാല്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വിസകളുടെ റിജക്ഷന്‍ റേറ്റ് വര്‍ധിച്ചു.
ഇതില്‍ ഏറ്റവും കുറവ് വിസ റിക്ഷന്‍ റേറ്റുള്ള കമ്പനി ടിസിഎസ് ആണ്, രണ്ട് ശതമാനമാണ് റിജക്ഷന്‍ റേറ്റ്. എച്ച്സിഎല്‍ അമേരിക്കയ്ക്ക് ആറ് ശതമാനവും എല്‍ടിഐമിന്‍ഡ്ട്രിയ്ക്ക് അഞ്ച് ശതമാനവും കാപ്‌ജെമിനിക്ക് നാല് ശതമാനവുമാണ് വിസ റിജക്ഷന്‍ റേറ്റ്.
Indian IT companies see sharp decline in US H1B visas













