ഫ്ലോറിഡ: താൻ തിരഞ്ഞെടുക്കപ്പെട്ടാൽ H-1B വിസ പദ്ധതി നിർത്തലാക്കുമെന്ന് ഫ്ലോറിഡ ഗവർണർ സ്ഥാനാർത്ഥിയായ ജെയിംസ് ഫിഷ്ബാക്ക് പ്രഖ്യാപിച്ചു. ഈ വിസ അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ തടയുന്നുവെന്നും ഇന്ത്യൻ കുടിയേറ്റക്കാർക്ക് അന്യായമായ മുൻഗണന നൽകുന്നു എന്നും അദ്ദേഹം ആരോപിച്ചു. താൽക്കാലിക തൊഴിൽ വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാർ ആണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കുടിയേറ്റക്കാർ, പൗരത്വം നേടിയവർ പോലും അമേരിക്കൻ സ്വപ്നത്തിന്റെ ഭാഗമാകേണ്ടതില്ലെന്നും ഫിഷ്ബാക്ക് അഭിപ്രായപ്പെട്ടു. മുൻ ഡോജ് ഉപദേഷ്ടാവായ ഫിഷ്ബാക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
“എൻ്റെ സ്വന്തം സംസ്ഥാനമായ ഫ്ലോറിഡയിൽ ബിരുദം നേടിയവർക്ക് പോലും ജോലി ലഭിക്കുന്നില്ല. നമ്മളാണ് (അമേരിക്കക്കാർ) ലോകത്തിലെ ഏറ്റവും വിശക്കുന്നവരും, മിടുക്കരും, ബുദ്ധിശാലികളും. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും എൻട്രി ലെവൽ അക്കൗണ്ടിങ്ങിനോ ഐടി ജോലികൾക്കോ വേണ്ടി കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് അസംബന്ധമാണ്,” 30 വയസ്സുകാരനായ നിക്ഷേപകൻ സിഎൻഎന്നിനോട് പറഞ്ഞു.
ഫ്ലോറിഡയിലെ മൊത്തം ജനസംഖ്യയുടെ 0.59 ശതമാനം മാത്രമുള്ള ഇന്ത്യൻ അമേരിക്കക്കാരെ മാത്രം വേർതിരിച്ച് ആക്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് സിഎൻഎൻ ന്യൂസ് ആങ്കർ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഞാൻ ഇന്ത്യൻ അമേഅമേരിക്കക്കാരെരിക്കക്കാരെ ഒറ്റതിരിച്ച് ആക്രമിക്കുന്നത് അവർ ഇന്ത്യൻ അമേരിക്കക്കാർ ആയതുകൊണ്ടല്ല; മൊത്തം H-1B വിസയുടെ 77 ശതമാനം അവർക്കാണ് ലഭിക്കുന്നത്, അതുകൊണ്ടാണ് ഞാൻ അവരെ വേർതിരിക്കുന്നത്. എനിക്ക് കുടിയേറ്റക്കാരോട് വെറുപ്പില്ല, പക്ഷേ ഞാൻ എൻ്റെ സ്വന്തം ജനങ്ങളെ സ്നേഹിക്കുന്നു.” ഫിഷ്ബാക്ക് പറഞ്ഞു.













