ടെൽ അവീവ്: ഈജിപ്തുമായി 35 ബില്യൺ ഡോളറിന്‍റെ (ഏകദേശം 112 ബില്യൺ ഷെക്കൽ) കൂറ്റൻ പ്രകൃതിവാതക കരാർ ഒപ്പിട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്യാസ് കരാറാണിതെന്ന് ബുധനാഴ്ച വൈകിട്ട് നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ അദ്ദേഹം വിശേഷിപ്പിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനം.
അമേരിക്കൻ ഊർജ്ജ കമ്പനിയായ ‘ഷെവ്‌റോൺ’ വഴിയാണ് ഈജിപ്തിലേക്ക് വാതകം വിതരണം ചെയ്യുന്നത്. “ഈ കരാർ ഇസ്രായേലിനെ ഒരു പ്രാദേശിക ഊർജ്ജ ശക്തിയായി മാറ്റുകയും മേഖലയിലെ സ്ഥിരതയ്ക്ക് സംഭാവന നൽകുകയും ചെയ്യും. ഇസ്രായേലിന്റെ സാമ്പത്തിക സമുദ്ര പരിധിയിൽ കൂടുതൽ ഗ്യാസ് പര്യവേഷണം നടത്താൻ മറ്റ് കമ്പനികളെ ഈ നീക്കം പ്രേരിപ്പിക്കും,” നെതന്യാഹു പറഞ്ഞു.
അബ്രഹാം ഉടമ്പടികളുടെ വ്യാപനം ലക്ഷ്യമിട്ട് നെതന്യാഹുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തിയിരുന്നു. മാസങ്ങളായി ഇസ്രായേൽ വൈകിപ്പിച്ചിരുന്ന ഈ കരാർ, ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്ന് ഇസ്രായേലി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കരാറിനെക്കുറിച്ച് ഈജിപ്ഷ്യൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.











