ഷാജി രാമപുരം
ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന 47-ാം സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ ആറ് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് ഡാളസിലെ മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ (11550 Luna Road, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടും.
ആര്‍ച്ച് ബിഷപ് ഡോ.അയൂബ് മോര്‍ സില്‍വനോസ് മെത്രാപ്പോലീത്ത (ക്‌നാനായ ആര്‍ച്ച് ഡയോസിസ് നോര്‍ത്ത് അമേരിക്ക ആന്റ് യുറോപ്പ് റീജിയന്‍) ക്രിസ്തുമസ് – ന്യുഇയര്‍ സന്ദേശം നല്‍കും. ഡാളസിലെ വിവിധ സഭകളില്‍പ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോള്‍ട്ടണിലുള്ള സെന്റ്.ഇഗ്‌നേഷ്യസ് യാക്കോബായ കത്തീഡ്രല്‍ ഇടവകയാണ്. വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 46 വര്‍ഷമായി ഡാളസില്‍ നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയര്‍ ആഘോഷം.
ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കല്‍ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്. വൈദീകര്‍ ഉള്‍പ്പടെ 21 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബര്‍ 6 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.ബേസില്‍ എബ്രഹാം (പ്രസിഡന്റ്), റവ.ഫാ.പോള്‍ തോട്ടക്കാട് (വൈസ്.പ്രസിഡന്റ് ), അലക്‌സ് അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), ജോസഫ് ജോര്‍ജ് (ട്രഷറാര്‍ ), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), എന്നിവര്‍ അറിയിച്ചു.
Joint Christmas and New Year’s Eve in Dallas on December 6th













