25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടു ! എസ് ഐ ആറിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘അവസാന തീയതി നീട്ടണം’

25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടു !  എസ് ഐ ആറിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘അവസാന തീയതി നീട്ടണം’

തിരുവനന്തപുരം : എസ്.ഐ.ആർ അഥവാ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന ഗുരുതരമായ ആശങ്കകൾ അറിയിച്ച് കേരളം, കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എനുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. നിലവിലെ പട്ടികയിൽ നിന്ന് ഏകദേശം 25 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടത് വലിയ അപാകതയാണെന്ന് കേരളം ചൂണ്ടിക്കാട്ടി.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 7.11 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നും 8.19 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഇസിഐ രേഖകൾ പറയുന്നു. എന്നാൽ, മതിയായ പരിശോധനകളില്ലാതെ വൻതോതിൽ വോട്ടർമാരെ ഒഴിവാക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് സർക്കാർ വാദിക്കുന്നു. ഡിസംബർ 18-ന് എനുമറേഷൻ ഘട്ടം അവസാനിച്ച സാഹചര്യത്തിൽ, അർഹരായവർക്ക് പേര് ചേർക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ആവശ്യം. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടണം എന്നും കേരളം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഉദ്യോഗസ്ഥർ മറ്റ് ഔദ്യോഗിക തിരക്കുകളിലായതും ഈ നടപടിക്രമങ്ങളെ ബാധിച്ചുവെന്ന് കത്തിൽ വിശദീകരിക്കുന്നു. വോട്ടർ പട്ടികയിലെ താളപ്പിഴകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കേരളം കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

Share Email
LATEST
More Articles
Top