കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റുള്ളവർക്കും എതിരെയുള്ള അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വലിയ ആശ്വാസം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി നൽകിയ നോട്ടീസിലെ തുടർച്ചയായ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ കേസിലെ അന്വേഷണവുമായി ഇഡിക്ക് ഇനി മുന്നോട്ട് പോകാം.
മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കെതിരായ നോട്ടീസുകളിലും തുട നടപടികളാകാമെന്ന് കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇഡി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണായക തീരുമാനം. സിംഗിൾ ബെഞ്ച് തന്റെ അധികാര പരിധി മറികടന്നാണ് ഇഡി നോട്ടീസ് സ്റ്റേ ചെയ്തതെന്ന കേന്ദ്ര ഏജൻസിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മസാല ബോണ്ട് വഴി സമാഹരിച്ച തുക ഫെമ (FEMA) ചട്ടങ്ങൾ ലംഘിച്ച് ചെലവഴിച്ചുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. എന്നാൽ ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണെന്നും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേസിൽ ഇഡി നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മറ്റുള്ളവരും നൽകിയ ഹർജികൾ നിയമപോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.













