ലോകത്താദ്യമായി 2026 പിറന്നു, കിരിബാത്തിയിൽ പുതുവർഷം, ലോകത്തിന്റെ ആഘോഷങ്ങൾ തുടങ്ങി

ലോകത്താദ്യമായി 2026 പിറന്നു, കിരിബാത്തിയിൽ പുതുവർഷം, ലോകത്തിന്റെ ആഘോഷങ്ങൾ തുടങ്ങി

പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലെ കിരിതിമതി (ക്രിസ്മസ് ദ്വീപ്) ആണ് ലോകത്താദ്യമായി 2026-ലേക്ക് കടന്നത്. അന്താരാഷ്ട്ര ദിനാങ്കരേഖയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നതിനാൽ UTC+14 സമയമേഖലയിലുള്ള ഈ ദ്വീപിൽ പുതുവർഷം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30-ഓടെയാണ് എത്തിയത്. കിരിബാത്തിയുടെ തലസ്ഥാനമായ തരാവ ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങൾ പിന്നീടാണ് പുതുവർഷത്തിലേക്ക് പ്രവേശിച്ചത്. പരമ്പരാഗത നൃത്തങ്ങൾ, ഗായകസംഘങ്ങൾ, പള്ളി ആഘോഷങ്ങൾ എന്നിവയോടെയാണ് ഇവിടെ പുതുവർഷത്തെ വരവേറ്റത്.

തൊട്ടുപിന്നാലെ ന്യൂസിലൻഡിന്റെ ചാത്തം ദ്വീപുകളിലും പ്രധാന ഭാഗങ്ങളിലും പുതുവർഷമെത്തി. ഓക്ക്‌ലൻഡിലും വെല്ലിംഗ്ടണിലും വൻ കരിമരുന്ന് പ്രദർശനങ്ങളോടെ ആഘോഷങ്ങൾ നടന്നു. പിന്നാലെ ഓസ്‌ട്രേലിയയിലെ സിഡ്‌നി, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പുതുവർഷം വ്യാപിച്ചു. സിഡ്‌നി ഹാർബറിലെ പ്രശസ്തമായ കരിമരുന്ന് പ്രദർശനം ലോകശ്രദ്ധ നേടി.

ജനവാസമുള്ള പ്രദേശങ്ങളിൽ ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കൻ സമോവയിലാണ്. ജനവാസമില്ലാത്ത അമേരിക്കൻ ഭരണത്തിലുള്ള ബേക്കർ, ഹൗലൻഡ് ദ്വീപുകളാണ് ലോകത്ത് ഏറ്റവും അവസാനം 2026-ലേക്ക് കടക്കുന്നത്. അന്താരാഷ്ട്ര ദിനാങ്കരേഖ എന്ന സാങ്കല്പിക രേഖയാണ് ഈ വ്യത്യാസത്തിന് കാരണം – ഇതിന് പടിഞ്ഞാറ് പുതുവർഷം ആദ്യമെത്തുമ്പോൾ കിഴക്ക് അവസാനമെത്തുന്നു. ലോകമെമ്പാടുമുള്ള ആഘോഷങ്ങൾ ഏകദേശം 26 മണിക്കൂറുകൾ നീണ്ടുനിൽക്കും.

Share Email
Top