ഇടത് അടിത്തറ ഇളക്കി യുഡിഎഫ് തേരോട്ടം, കേരളമാകെ പടർന്ന് താമര

ഇടത് അടിത്തറ ഇളക്കി യുഡിഎഫ് തേരോട്ടം, കേരളമാകെ പടർന്ന് താമര

തിരുവനന്തപുരം: കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തേരോട്ടം. അതേസമയം, തിരുവനന്തപുരം നേടി എൻഡിഎ ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു കോർപ്പറേഷൻ സ്വന്തമാക്കി.

കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഫിനു സാധിച്ചു.

മുനിസിപ്പാലിറ്റികളിലും യുഡിഎഫിന് തിളക്കമാർന്ന മുന്നേറ്റം കാഴ്ചവയ്ക്കാനായി. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 81 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 63 എണ്ണം ഇടതു മുന്നണി നേടി.

ഗ്രാമപഞ്ചായത്തുകളിൽ 500 എണ്ണത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോൾ എൻഡിഎയ്ക്ക് സ്വന്തമായത് 25. എട്ടെണ്ണം മറ്റുള്ളവരും സ്വന്തമാക്കി. കിഴക്കമ്പലത്തും കുന്നത്തുനാടും ട്വന്റി ട്വന്റിയെ ജനങ്ങൾ കെെവിട്ടു. രണ്ടിടത്തും യുഡിഎഫാണ് വിജയം നേടിയത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. 37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളിൽ എൽഡിഎഫും വിജയിച്ചു. 1995 ൽ നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തൽമണ്ണ ഭരിച്ചത്. ഇത്തവണ ചരിത്രം കുറിച്ചിരിക്കുകയാണ് യുഡിഎഫ്.

landslide victory for UDF in Kerala local body election

Share Email
Top