വാഷിംഗ്ടണ്‍: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബോട്ട് ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെ, വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ കരയിലും അവരെ ആക്രമിക്കാൻ പോകുകയാണ് എന്നും ട്രംപ് സൂചന നൽകി. ട്രംപ് കൂടുതൽ വിവരങ്ങൾ നൽകിയില്ലെങ്കിലും, വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ വെനസ്വേലയിൽ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാതെ ട്രംപ് പലപ്പോഴും സമ്മർദ്ദം ചെലുത്തിയിരുന്നു.
മഡുറോയെ പുറത്താക്കാൻ താൻ എത്രത്തോളം പോകുമെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. കര വഴിയുള്ള ആക്രമണത്തെ താൻ തള്ളിക്കളയുകയോ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, അദ്ദേഹത്തിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നും കൂട്ടിച്ചേർത്തു. എന്നാല്‍, വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് ബോട്ടിന് നേരെ നടന്ന രണ്ടാമത്തെ ആക്രമണത്തിന്റെ വീഡിയോ അത്ര നല്ലതല്ല എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്മതിച്ചു. എന്നാൽ, യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാൻ ആക്രമണങ്ങൾ ആവശ്യമാണെന്ന് പ്രസിഡന്‍റ് ന്യായീകരിച്ചു.
പൊളിറ്റിക്കോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ 2-ന് നടന്ന ഈ ആക്രമണങ്ങൾ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. രക്ഷപ്പെട്ടവരെ വധിക്കാൻ ഉത്തരവിട്ട രണ്ടാമത്തെ ആക്രമണം സായുധ പോരാട്ട നിയമങ്ങൾ അനുസരിച്ച് നിയമപരമായിരുന്നോ എന്നതിനെക്കുറിച്ച് ഇരുപാർട്ടികളിലെയും നിയമനിർമ്മാതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു.













