കാരക്കാസ്: യുഎസുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രാജ്യം വിട്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അദ്ദേഹം ഞായറാഴ്ച പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പൊതുവെ ആഴ്ചയിൽ പലതവണ രാജ്യത്തെ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാറുള്ള മഡൂറോയെ കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം കാണാതിരുന്നത് ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നടന്ന വാർഷിക സ്പെഷ്യാലിറ്റി കോഫി അവാർഡ് വിതരണ ചടങ്ങിലാണ് പ്രസിഡന്റ് പങ്കെടുത്തത്. കാരക്കാസിന്റെ കിഴക്കൻ മേഖലയിലായിരുന്നു ചടങ്ങ്. ബുധനാഴ്ച ടെലിഗ്രാം ചാനലിൽ കാരക്കാസിൽ വാഹനമോടിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ പൊതുസ്ഥലത്ത് കണ്ടിരുന്നില്ല.
ചടങ്ങിൽ പങ്കെടുത്ത മഡൂറോ, മികച്ച കാപ്പി ഉൽപ്പന്നങ്ങളുമായി വന്ന നിർമ്മാതാക്കൾക്ക് മെഡലുകൾ വിതരണം ചെയ്തു. വിവിധതരം കാപ്പികൾ രുചിച്ച അദ്ദേഹം ചെറിയ പ്രസംഗവും നടത്തി. എന്നാൽ, രാജ്യത്ത് നിലനിൽക്കുന്ന അമേരിക്കൻ ഐക്യനാടുകളുമായുള്ള പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം പരസ്യമായി ഒന്നും സംസാരിച്ചില്ല. ചടങ്ങിന്റെ സമാപനത്തിൽ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിക്കവെ വെനസ്വേല “തകർക്കാനാവാത്തതും, തൊടാനാവാത്തതും, തോൽപ്പിക്കാനാവാത്തതും” ആണെന്ന് അദ്ദേഹം ആർത്തുവിളിച്ചു.
കപ്പൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിൽ അമേരിക്ക ഡസനിലധികം യുദ്ധക്കപ്പലുകളും ഏകദേശം 15,000 സൈനികരെയും ഈ മേഖലയിൽ വിന്യസിച്ചതിന് പിന്നാലെയാണ് മഡൂറോയുടെ ഈ പരാമർശം. എന്നാൽ, തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമമാണ് അമേരിക്കയുടേതെന്നാണ് വെനസ്വേലയുടെ ആരോപണം. പ്രസിഡന്റ് മഡൂറോ കോഫി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലൻ നേതാവുമായി ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ചു.













